സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തകരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇന്ന് മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് മൂന്ന് വയസ്സുകാരനെ കിടത്തിയിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവില്‍ 1495 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 259 പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണുള്ളത്. കൂടുതല്‍ ആളുകളിലേക്ക് കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.







