Karassery

കൃഷി യന്ത്രവത്‌കൃതമാക്കാൻ നടപടിയുമായി കാരശ്ശേരി പഞ്ചായത്ത്

കാരശ്ശേരി: കൃഷി ലാഭകരമാക്കാൻ കർഷകർക്ക് സഹായപദ്ധതിയുമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്. ആധുനിക കാർഷികയന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും കാരശ്ശേരിയിൽ സംഘടിപ്പിച്ചു. കാർഷികമേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുക, അതുവഴി കർഷകർക്ക് വരുമാനം വർധിപ്പിക്കുക, കൃഷിയന്ത്രങ്ങൾ സുഗമമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകുക, കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചത്.

ഗ്രാമപ്പഞ്ചായത്തിന്റെയും കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന്റെയും കാരശ്ശേരി കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിപ്രകാരം കാർഷിക ഉപകരണങ്ങൾക്ക് 40 ശതമാനം മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. യന്ത്രങ്ങൾ വാങ്ങുന്നതിന് ഓൺലൈൻ രജിസ്ട്രേഷനായതിനാൽ കർഷകർക്ക് വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പവർ ടില്ലർ, മൈക്രോ വീഡർ, പാഡി വീഡർ, ബ്രഷ് കട്ടർ, ഇലക്‌ട്രിക് ബ്രഷ്, തെങ്ങുകയറ്റയന്ത്രം, പമ്പ് സെറ്റ്, മിനി റൈസ് മിൽ, മിനി ഫ്ലോർമിൽ തുടങ്ങിയ ഒട്ടേറെ യന്ത്രങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാവുക.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, റുഖിയ റഹീം, ശിവദാസൻ കരോട്ടിൽ, ഇ.പി അജിത്, കെ.കെ നൗഷാദ്, കൃഷി ഓഫീസർ രേണുക കൊല്ലേരി, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് മാനേജർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button