ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണംകഴിക്കാനെത്തി; ചോദ്യംചെയ്തപ്പോൾ കയ്യേറ്റം; എംപി തടഞ്ഞില്ല; രമ്യക്കെതിരെ സനൂപ്

പാലക്കാട്: ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും മുന്‍ എം.എല്‍.എ വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തി മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. പാഴ്സല്‍ വാങ്ങാനെത്തിയതാണെന്നും യുവാവ് കൈയ്യില്‍ കയറി പിടിച്ചെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലോക്ഡൗണ്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു.
എം.പിയും സഹപ്രവര്‍ത്തകരും ഹോട്ടലിനുള്ളില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഇവരുടെ സമീപത്തുള്ള മേശയില്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് കല്‍മണ്ഡപം സ്വദേശി സനൂബിന് നേരെ കൈയ്യേറ്റമുണ്ടായത്.
ഹോട്ടലിൽ പാഴ്സല്‍ വാങ്ങാനാണ് പോയതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. കാലിന് സുഖമില്ലാത്തതിനാല്‍ ഹോട്ടലുടമ അകത്ത് കയറിയിരിക്കാന്‍ പറഞ്ഞു. അവിടെയിരുന്ന് ഭക്ഷണം കഴിച്ചില്ലെന്നും എം.പി പറഞ്ഞു. തന്റെ കൈയ്യില്‍ പിടിച്ചപ്പോള്‍ വിടാന്‍ പറഞ്ഞു. യുവാവ് കേട്ടില്ല. അപ്പോഴാണ് പ്രതികരിച്ചതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
താന്‍ നിയമലംഘനത്തെക്കുറിച്ച് ചോദിക്കുക മാത്രമാണുണ്ടായതെന്ന് സനൂബ് പറഞ്ഞു. എം.പിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ആദ്യം എന്റെ അടുത്തേക്ക് വന്നു. രണ്ടാമതും മൊബൈല്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോഴാണ് മര്‍ദനമുണ്ടായത്. കാറിലിരുന്ന എം.പി ഇത് തടയാന്‍ ശ്രമിച്ചില്ലെന്നും സനൂബ് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സനൂബ് ചികില്‍സ തേടി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി.







