മുക്കം വയോധിക ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവം വിശദമായ റിപ്പോർട്ട്

മുക്കം: ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ ഈ മാസം രണ്ടാം തീയതി ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് പോയി കാപ്പുമല വളവിലെ ആളൊഴിഞ്ഞപറമ്പിൽ വെച്ച് വയോധിക ക്രൂരമായ ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവത്തിലെ പ്രതിയെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സംസ്ഥാനത്തൊട്ടാകെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം മുജീബിനെ പിടികൂടിയത്.
പ്രദേശത്തെ നിരവധി ഓട്ടോറിക്ഷകളേയും സി.സി.ടി.വി ദൃശ്യങ്ങളേയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും മൊബൈൽ ടവറിന് കീഴിലെ ഫോണുകൾ പരിശോധിച്ചതിലൂടെയുമാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. മുജീബ് മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും വാഹന മോഷണവും കഞ്ചാവ് കടത്തുമടക്കം നിരവധി കേസുകൾ മുജീബിൻ്റെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു. ഈ മാസം രണ്ടാം തീയതിയാണ് 65 വയസ്സുകാരി വയോധികയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
ഓമശ്ശേരി ഹോട്ടലിലെ ജീവനക്കാരിയായ ഇവർ മുത്തേരിയിൽ നിന്ന് ഓട്ടോയിൽ കയറുകയും മാങ്ങാപൊയിലിൽ വെച്ച് ബോധരഹിതയാക്കിയ ശേഷം ഓട്ടോറിക്ഷയിൽ വെച്ച് കൈകാലുകൾ കെട്ടിയിട്ട് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം വസ്ത്രങ്ങൾ പിച്ചിച്ചീന്തി വയോധികയെ ഉപേക്ഷിക്കുകയായിരുന്നു . ഇവർ ക്രൂരമായ മർദനങ്ങൾക്കും ഇരയായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ചതും കൊണ്ടോട്ടിയിലെ വീട്ടിൽ വാതിൽ കത്തിച്ചു കളവു നടത്താൻ ശ്രമം നടത്തിയതും, മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ പോയി മാല പിടിച്ചു പറിച്ചതും, കോഴിക്കോട് ഫറോക് പോലീസ് സ്റ്റേഷൻ പരിധിയിൽ മാല പൊടിച്ചതും, കണ്ണൂർ തലശേരിയിൽ നിന്നും, ചോമ്പാല അഴിയൂരിൽ നിന്നും ഓട്ടോറിക്ഷ മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജു പറഞ്ഞു. താമരശ്ശേരി ഡിറ്റക്ഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുന്ന പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കും.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് IPS ന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി dysp അഷ്‌റഫ്.ടി.കെയുടെ മേൽനോട്ടത്തിൽ ഉള്ള പ്രത്യേഗ അന്വേഷണ സംഘത്തിലുള്ള മുക്കം ഇൻസ്‌പെക്ടർ ബി.കെ സിജു, ബാലുശ്ശേരി ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ്, കോടഞ്ചേരി ഇൻസ്‌പെക്ടർ അഭിലാഷ്. കെ പി, മുക്കം എസ് ഐ ഷാജിദ്. കെ, ജൂനിയർ എസ്ഐമാരായ അനൂപ്, സന്തോഷ്മോൻ, എഎസ്ഐമാരായ സലീം മുട്ടത്ത്, ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, കാസിം, രതീഷ്, ഉജേഷ്, സിൻജിത്, ശ്രീകാന്ത്, സൈബർ സെൽ എസ്ഐ സത്യൻ, ദീപേഷ്, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.







