ജെൻഡർ റിസോഴ്സ് സെന്റർ തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 മുതൽ ഡിസംബർ 23 വരെ നീളുന്ന ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിൽ തിരുവമ്പാടി സി.ഡി.എസിൽ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
പ്രാദേശിക തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ഇടം എന്ന നിലയിലാണ് ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ സെന്റർ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹിത സർവീസ് പ്രൊവൈഡർ ജസീന എം ജെൻഡർ റിസോഴ്സ് സെന്റർ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
സി.ഡി.എസ് ചെയർപേഴ്‌സൺ പ്രീതി രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ കെ.ഡി ആന്റണി, ഷൗക്കത്തലി കൊല്ലളത്തിൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി ടി, എച്ച്.ഐ സുനീർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചഷ്മ, കമ്മ്യൂണിറ്റി കൗൺസിലർ ശുഭമണി, കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ നിഷിദ തുടങ്ങിയവർ സംസാരിച്ചു.






