വഴിക്കടവ്-പൊന്നാങ്കയം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം)

പുന്നക്കൽ: കേരള കോൺഗ്രസ് (എം) 2024-25 മുന്നൊരുക്കത്തിന്റെ ഭാഗമായി പുന്നക്കൽ മേഖലാ നേതൃയോഗം വഴിക്കടവ്-പൊന്നാങ്കയം റോഡിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിവരണമെന്ന ആവശ്യവുമായി അധികാരികളോട് ആഹ്വാനം ചെയ്തു. വർഷങ്ങളായി റോഡിൽ അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്തതോടെ, റോഡ് ഉപയോഗശൂന്യമായിക്കൊണ്ടിരിയ്ക്കുകയാണ്.
ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് വെട്ടിമുറിച്ചതോടെ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയിലേക്ക് ഇത് മാറിയെന്ന് നേതാക്കൾ ആരോപിച്ചു. പ്രദേശവാസികൾ ഏറെ തവണ പരാതിപ്പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതികൾ. അവഗണന തുടർന്നാൽ ജനങ്ങൾ വലിയ പ്രക്ഷോഭ സമര പരിപാടികൾക്ക് ആസൂത്രണം നടത്തുകയാണെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർഡ് പ്രസിഡന്റ് സാബു തോട്ടത്തിൽ അധ്യക്ഷനായ പരിപാടി മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി ഉദ്ഘാടനം ചെയ്തു. കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടത്തിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിത്സൺ താഴത്തുംപറമ്പിൽ, ദിനീഷ് കൊച്ചു പറമ്പിൽ, സണ്ണി കുന്നുംപുറത്ത്,ബേബി കുന്നപ്പള്ളി, തോമസ് തുറുവേലിൽ,ജോണി മണിമലതറപ്പിൽ, അനിൽ പുതുപ്പറമ്പിൽ മാനുവൽ കാരക്കാട്ടിൽ, നിതിൻ ജോർജ്, റോജൻ പെരുമന, ബാജിസെബാസ്റ്റ്യൻ, സുനിൽ ജോർജ്, ഷിബു സെബാസ്റ്റ്യൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.







