മാലിന്യ സംസ്കരണത്തിലെ അപാകത, മാലിന്യം കുന്നുകൂടുന്നു; നാടിന് ഭീഷണിയായി സൂപ്പർ എം ആർ എഫ് പദ്ധതി

തിരുവമ്പാടി പഞ്ചായത്തിൽ രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ച് ആറുമാസം മുമ്പ് പൂർത്തീകരിച്ച കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകൾക്കായുള്ള സൂപ്പർ എം ആർ എഫ് പദ്ധതി നടത്തിപ്പിലെ താളപ്പിഴകൾ മഴക്കാലമെത്തിയത്തോടുകൂടി കൂടുതൽ വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ്. മാലിന്യങ്ങൾ തരംതിരിക്കാനോ സംസ്കരിച്ചു കയറ്റി അയക്കുന്നതിനോ നിലവിൽ തൊഴിലാളികൾ ഇല്ലാത്ത സ്ഥിതിയാണുള്ളത്. പഞ്ചായത്ത് മാലിന്യങ്ങൾ തരംതിരിച്ച് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സൂപ്പർ എം ആർ എഫിന് കൈമാറുകയും പ്രാഥമിക സംസ്കരണ പ്രക്രിയ കഴിഞ്ഞ് കൂടുതൽ സംസ്കരണത്തിനായി കയറ്റി അയക്കുകയുമാണ് പദ്ധതിയുടെ ഭാഗമായി ചെയ്യേണ്ടത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കൃത്യമായി നടന്നുവന്നിരുന്ന മാലിന്യ ശേഖരണവും അനുബന്ധ പ്രവർത്തനങ്ങളും ഭരണം മാറിയതോടെ തീർത്തും അവതാളത്തിലായ സ്ഥിതിയാണുള്ളത്. നിലവിലെ ഭരണസമിതിയുടെ അനാസ്ഥയുടെ ഫലമാണ് ഇത്തരത്തിൽ ഒരു സ്ഥിതി ഉണ്ടാക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷവും തൽസ്ഥിതിക്ക് പിന്നിൽ നിന്ന് ചരടുവലിക്കുന്നത് പ്രതിപക്ഷമാണെന്ന് ആരോപിച്ച് ഭരണപക്ഷവും തമ്മിലടിക്കുമ്പോൾ ദുരിതത്തിലാവുന്നത് ഒരു നാട് മുഴുവനുമാണ്.
മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അടുത്ത സ്ഥലങ്ങളിലായി കുന്നുകൂടി കിടക്കുന്ന മാലിന്യം പകർച്ചവ്യാധികളും മറ്റും പടരുന്നതിന് വഴിവയ്ക്കും, മഴക്കാലം കൂടി എത്തിയതോടെ വിഷയം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമാണുള്ളത്. വേണ്ട വിധത്തിൽ സംസ്കരിക്കാതെ ഇത്തരത്തിൽ കൂട്ടിയിട്ട മാലിന്യം ഇതിനോടകം സമീപ പ്രദേശത്തെ ജലാശയത്തിലേക്കും നീങ്ങി തുടങ്ങിയെന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ജലാശയത്തിലെ മലിനജലമൊഴുകി സമീപത്തെ തോടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തിയാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
മാലിന്യ സംസ്കരണത്തിനായി എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും നിസ്സാര ന്യായങ്ങൾ ചൂണ്ടിക്കാട്ടി ഒരു നാടിനെ മുഴുവൻ വൻ വിപത്തിലേക്ക് തള്ളിയിടുന്ന പഞ്ചായത്ത് അധികൃതരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തി തീർത്തും നിരുത്തരവാദപരവും അപലപനീയവുമാണ്. ഇനിയും അധികാരികൾ തങ്ങളുടെ കണ്ണുകൾ തുറക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡിനൊപ്പം മറ്റനേകം പ്രതിസന്ധികളും ഉടലെടുക്കുമെന്നതാണ് പരമാർത്ഥം.







