തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധം; പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി പരിശോധന നടത്തും

തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നാളിതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തും.
പരിശോധനയിൽ പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്ന സാഹചര്യങ്ങൾ (കൊതുമുട്ടയിട്ട് പെരുകാൻ ഇടവരുത്തുന്ന രീതിയിലുള്ള ഉറവിടങ്ങൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, ശുചിത്വത്തിൽ വീഴ്ച) ഒരുക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാൻ പഞ്ചായത്ത് തല പകർച്ചവ്യാധി അവലോകന യോഗത്തിൽ തീരുമാനമായി.
പരിശോധനയുടെ ഭാഗമായി 2023 ജൂലൈ 13ന് പതിനാലാം വാർഡിൽ ശുചിത്വ മോണിറ്ററിംഗ് ടീം പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വാർഡ് മെമ്പർ ലിസി അബ്രഹാം, സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ശുചിത്വ പരിശോധന തുടരും.







