Kodanchery

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് ജനകീയ കമ്മിറ്റി രൂപീകരിച്ചു

കോടഞ്ചേരി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് മുറംപാത്തി അങ്ങാടിയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. അഞ്ചുവർഷത്തോളമായി റോഡ് നിർമ്മാണത്തിന്റെ പേരിൽ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെ യോഗം നിശിതമായി വിമർശിച്ചു.

റോഡ് നിർമ്മാണത്തിൽ അലംഭാവം കാട്ടിയ മുൻ കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷൻസിനെ നിർമ്മാണ കരാറിൽ നിന്നും നീക്കം ചെയ്ത ശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്നെങ്കിലും ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ സൊസൈറ്റി ഉപരിതലം നിരപ്പാകുന്നത് ഉൾപ്പെടെയുള്ള ജോലികൾ നിർത്തിവയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജലജീവൻ പദ്ധതിയുടെ പൈപ്പിടിയിൽ മൂലം നിലവിൽ ടാറിങ് നിർവഹിച്ച പ്രദേശങ്ങൾ ഉൾപ്പെടെ വീണ്ടും പൊളിക്കുന്ന സാഹചര്യം ഉദ്യോഗസ്ഥരുടെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും പിഴവാണെന്ന് യോഗം വിലയിരുത്തി.

നിലവിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലേക്കെല്ലാം പൈപ്പിടലിന്റെ പേരിൽ പ്രവർത്തനങ്ങൾ അനന്തമായ നീട്ടിക്കൊണ്ടുപോകാതെ താൽക്കാലികമായെങ്കിലും യാത്ര യോഗ്യമാക്കി തീർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നിർമ്മാണ കമ്പനിയും നേരിൽ കണ്ട് പദ്ധതിയുടെ നിജസ്ഥിതി മനസ്സിലാക്കാൻ യോഗം കമ്മിറ്റിയെ ചുമലപ്പെടുത്തി.

Related Articles

Leave a Reply

Back to top button