Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്.കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും.ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടത്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എങ്കിലും ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും.

കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഓറഞ്ചും, തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ അതി ജാഗ്രത നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ്.

Related Articles

Leave a Reply

Back to top button