സൂപ്പർ എം.ആർ.എഫ്. പ്ലാന്റ്: മാലിന്യം നീക്കംചെയ്യാൻ തുടങ്ങി

തിരുവമ്പാടി : ഒറ്റപ്പൊയിൽ സൂപ്പർ എം.ആർ.എഫ്. മാലിന്യസംസ്കരണ പ്ലാന്റ് പരിസരത്ത് കുന്നുകൂടിയ മാലിന്യം നീക്കംചെയ്യാൻ തുടങ്ങി. ക്ലീൻകേരള പദ്ധതിപ്രകരാമാണ് ഇവിടെയുള്ള മാലിന്യം നീക്കംചെയ്യുന്നത്. തിങ്കളാഴ്ച രണ്ട് ലോഡ് മാലിന്യം കയറ്റി അയച്ചു. മാലിന്യനീക്കം തുടരുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു.
പ്ലാന്റിനോടനുബന്ധിച്ചാണ് പൊതുശ്മശാനവും. മാലിന്യം അടിഞ്ഞുകൂടി ഗുരുതര പാരിസ്ഥിതികഭീഷണി ഉയർത്തിയത് സംബന്ധിച്ച് മാതൃഭൂമി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് അടിയന്തരബോർഡ് സമിതിയോഗം വിളിച്ചു ചേർത്താണ് നടപടി കൈകൊണ്ടത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് സഹകരണത്തോടെയാണ് സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് തുടങ്ങിയത്. നിറവ് ഏജൻസി സാങ്കേതികകാരണം പറഞ്ഞ് പിൻവാങ്ങിയതോടെയാണ് മാലിന്യനീക്കം സ്തംഭിച്ചത്.
ഭാഗികമായി മാത്രമാണ് പ്ലാന്റ് പ്രവർത്തനം ഇപ്പോൾ നടക്കുന്നത്. സൂപ്പർ എം.ആർ.എഫ്. മാലിന്യപ്ലാന്റ് പരിസരത്തെ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം കനത്ത മഴയിൽ പരന്നൊഴുകുന്നത് സാംക്രമികരോഗഭീഷണി ഉയർത്തുന്നതായി പരാതിയുമുണ്ട്.
തൊട്ടടുത്ത് ഉപയോഗശൂന്യമായ കരിങ്കൽക്വാറിയിലെ വൈള്ളക്കെട്ടിലേക്കാണ് ഇത് ഒഴുകിയെത്തുന്നത്. സമീപപ്രദേശങ്ങളിലെ തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമയമാകാൻ ഇത് ഇടയാക്കുന്നു. പാറമടയിലെ മലിനജലം വാട്ടർ അതോറിറ്റി, ജലനിധി ഉൾപ്പെടെയുള്ള കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയിലാണ് ചെന്നുപതിക്കുന്നത്.







