കോവിഡ്; കൊടുവള്ളി നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊടുവള്ളി: നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍, തുടങ്ങിയ ചടങ്ങുകള്‍ നിര്‍ബന്ധമായും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷനില്‍ അനുവദിച്ച ദിവസത്തില്‍ മാത്രം നടത്തുകയും ചെയ്യേണ്ടതാണ്. ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലും അങ്ങാടികളിലും സംഘം ചേരുന്നത് ഒഴിവാക്കണം. അത്തരം സ്ഥലങ്ങളില്‍ പോലീസിന്റെയും സെക്ടറല്‍ മജിസ്ട്രേറ്റേയും മിന്നല്‍ പരിശോധന ശക്തമാക്കും.
ക്വാറന്റൈനില്‍ നില്‍ക്കുന്നവരും കോവിഡ് രോഗികളോട് സഹവസിക്കുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം കുറവുള്ളവര്‍ നിര്‍ബന്ധമായും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറേണ്ടതാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനും ടെസ്റ്റ് നടത്തിയവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. ജൂലൈ 7ന് വാവാടാ സിറാജുദ്ധീന്‍ മദ്രസ്സയിലും 8ന് കരുവന്‍പൊയില്‍ ഹൈസ്‌കൂളിലും ടെസ്റ്റ് ക്യാമ്പുകള്‍ നടത്തും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ എം സുഷിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി മൊയ്തീന്‍ കോയ, എന്‍ കെ അനില്‍കുമാര്‍, റംല ഇസ്മയില്‍, കൗണ്‍സിലര്‍മാര്‍, കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ഡോ. പി അബ്ദുള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ശശി, അബ്ദുല്‍ അസീസ്, ജെ എച്ച് ഐ. ടി സജികുമാര്‍ പ്രസാദ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ പി സി വിമല, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







