Kodanchery

മുണ്ടൂർ പാലം അനുബന്ധ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം

കോടഞ്ചേരി: പഞ്ചായത്തിലെ നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ-ആനക്കാംപൊയിൽ റോഡിലെ മുണ്ടൂർ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം മുടങ്ങി.
​പ്രവൃത്തി മുടങ്ങിയിട്ട് 4 മാസത്തിലേറെയായിപാലം പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡിന്റെ സൈഡ് കെട്ടൽ, മണ്ണിട്ട് അനുബന്ധ റോഡ് നിരപ്പാക്കൽ, ടാറിങ്, സുരക്ഷ ഭിത്തി നിർമാണം എന്നീ ജോലികളാണ് മുടങ്ങിക്കിടക്കുന്നത്.

​മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.99 കോടി രൂപ അനുവദിച്ച പദ്ധതി പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ കീഴിലാണ് നടക്കുന്നത്. പാലത്തിന്റെ ഒരറ്റത്ത് 30 മീറ്റർ നീളത്തിലും മറുഭാഗത്ത് 50 മീറ്റർ നീളത്തിലും അനുബന്ധ റോഡ് നിർമിക്കാനുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും കോറി വെയിറ്റ് ഇട്ട് വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്.

താൽക്കാലിക റോഡ് കുണ്ടും കുഴിയുമായി മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ചെറു വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും അപകട ഭീഷണിയാണ്.
​മുണ്ടൂർ പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴക്കാലത്ത് ഉൾവനത്തിൽ മഴപെയ്താൽ പലപ്പോഴും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പഴയ പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്.

കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട്, മുണ്ടൂർ,കൂരോട്ടുപാറ പ്രദേശവാസികൾക്ക് ആനക്കാംപൊയിൽ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. സ്കൂൾ ബസുകളും,
നിരവധി സ്വകാര്യവാഹനങ്ങളും ഈ വഴിയിൽ കൂടി സർവീസ് നടത്തുന്നുണ്ട്.
ശക്തമായ മഴയാണ് പണി മുടങ്ങാൻ കാരണമെന്നും മഴ മാറുന്നതോടെ നിർമാണം ആരംഭിക്കുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Back to top button