Koduvally

കോവിഡ് വ്യാപനം രൂക്ഷം : കൊടുവള്ളിയിൽ പോലീസ് നടപടി ശക്തമാക്കി

കൊടുവള്ളി: ടി.പി.ആർ. നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭയിൽ പോലീസ് കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി.

ഇതിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. കോവിഡ് നിയമങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിനും ക്വാറന്റീൻ ലംഘിച്ചതിനും മറ്റുമായാണ് കേസെടുത്തത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കൊടുവള്ളി എസ്.ഐ. കെ.കെ. രാജേഷ് കുമാർ അറിയിച്ചു. നഗരസഭയിലെ പ്രാവിൽ ഡിവിഷനിൽ കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിൽ ഇരുപതിലധികം പേർക്ക് കോവിഡ് പോസിറ്റീവായതായും ഇതേത്തുടർന്ന് ഡിവിഷൻ പൂർണമായും അടച്ചതായും നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു.

സർക്കാർ പുറത്തിറക്കിയ കണക്കുപ്രകാരം ശനിയാഴ്ച കൊടുവള്ളിയിൽ 53 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിൽ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ 78 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കരുതണമെന്ന് കൊടുവള്ളി സി.ഐ. എം.പി. രാജേഷ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ നടപടികൾ സ്വീകരിക്കും. നഗരസഭ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പോലീസ്‌ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

തിങ്കളാഴ്ച കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്നും പരമാവധി ആളുകൾ പങ്കെടുക്കണമെന്നും നഗരസഭ ചെയർമാൻ അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button