മലകളിലൂടെ ക്വാറികൾക്കായി റോഡ് നിർമാണം; വീടുകൾക്ക് ഭീഷണി

കൊടിയത്തൂർ : കരിങ്കൽക്വാറികളെ തമ്മിൽ ബന്ധിപ്പിക്കാൻ മലമുകളിലൂടെയുള്ള റോഡ് നിർമാണം പ്രദേശത്തെ കുടുംബങ്ങൾക്ക് ഭീഷണിയായതായി പരാതി. കുന്നുകൾപോലെ കൂട്ടിയിട്ടിട്ടുള്ള മൺകൂനകൾ മഴപെയ്താൽ താഴേക്കു പതിക്കും. ഇത് നൂറോളം വീടുകൾക്ക് ഭീഷണിയാവുമെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.
കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാൽ പ്രദേശത്താണ് മലയിലൂടെയുള്ള റോഡ് നിർമാണം നടക്കുന്നത്. ഗോതമ്പ് റോഡ്-തോട്ടുമുക്കം പി.ഡബ്ല്യു.ഡി. റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളവും 15 മീറ്റർവരെ വീതിയുമുള്ള പുതിയ റോഡാണ് നിർമിക്കുന്നത്. ഒട്ടേറെ നീർച്ചാലുകളുള്ള മലനിരകളാണ് ഇവിടെയുള്ളത്. ഇവ പ്രദേശത്തെ ജലസ്രോതസ്സാണ്. മലയിടിച്ച ഭാഗങ്ങളിൽ നീർച്ചാലുകളും നശിച്ചതായി നാട്ടുകാർ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു, വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, വില്ലേജ് ഓഫീസർ ഷിജു, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ തിങ്കളാഴ്ച പ്രദേശം സന്ദർശിച്ചിരുന്നു. നിർമാണപ്രവൃത്തി നിർത്തിവെക്കാനും കൂട്ടിയിട്ട മണ്ണ് എത്രയുംവേഗം പ്രവർത്തിക്കാത്ത ക്വാറികളിലേക്ക് മാറ്റണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നു. വിഷയം പരിശോധിക്കാൻ ജിയോളജി വകുപ്പിനോടും അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണിയായി നിൽക്കുന്ന സാഹചര്യം ജില്ലാഭരണകൂടത്തെയും തഹസിൽദാരെയും അറിയിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസറും പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ചൊവ്വാഴ്ച അടിയന്തരയോഗം ചേർന്ന് നടപടികൾ തുടങ്ങി. ജനങ്ങളുടെ ഭീതിയകറ്റുന്നതുവരെ ക്വാറികൾ പ്രവർത്തിക്കുന്നതിനും റോഡ് വെട്ടുന്നതിനും വിലക്കേർപ്പെടുത്തി. തുടർപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയും രൂപവത്കരിച്ചു. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, ജൈവവൈവിധ്യ പരിസ്ഥിതി സമിതിയിലെ രണ്ടംഗങ്ങൾ, സമരസമിതി അംഗങ്ങൾ, പഞ്ചായത്ത് അസി. സെക്രട്ടറി, ക്വാറി ഉടമകൾ നിർദേശിക്കുന്ന രണ്ടുപേർ എന്നിവരടങ്ങുന്നതാണ് സമിതി.







