ഐ സി ഡി എസ് വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു.

കോടഞ്ചേരി: ഐ സി ഡി എസിൻറെ നാൽപത്തിയാറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ 33 അംഗൻവാടികളിലെ ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും നേതൃത്വത്തിൽ എക്സിബിഷനും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. 1975ൽ ഇന്ദിരാഗാന്ധിയുടെ ദീർഘവീക്ഷണ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ഐ സി ഡി എസിന്റ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണമേഖലയിലെ കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾ മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ടെന്നും പ്രവർത്തകർ വ്യക്തമാക്കി.
വാർഷികാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിയാനാസ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ ജമീല, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ്കുമാർ, ക്ലർക്ക് ഷമീർ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്ന അമൃതം പൊടി ഉപയോഗിച്ച് നിർമ്മിച്ച വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.







