കോവിഡിനെ തുടര്‍ന്ന്‍ ഇന്ത്യയിൽ മധ്യവർഗ വിഭാഗക്കാർ കുറഞ്ഞു, ദരിദ്രർ കൂടി; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗത്തിൽ നിന്ന് പുറത്തായെന്ന് പഠനം. തൊഴിൽ നഷ്ടം കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടുവെന്നും യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച് സെന്ററിന്റെ പഠനത്തിൽ പറയുന്നു. കോവിഡിനെത്തുടർന്നുള്ള മാന്ദ്യത്തിൽ ചൈനയേക്കാൾ ഇന്ത്യയിൽ മധ്യവർഗക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയിൽ കോവിഡിനു പിന്നാലെ ദാരിദ്ര്യം കുത്തനെ ഉയർന്നതായും പഠനത്തിൽ പറയുന്നു.
വേൾഡ് ബാങ്ക് ഡേറ്റ വിശകലനം ചെയ്ത് പ്യൂ സെന്റർ നടത്തിയ പഠനമനുസരിച്ച്, മധ്യവർഗത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ (പ്രതിദിനം 700 രൂപ മുതൽ 1400 രൂപ വരെ സമ്പാദിക്കുന്നവരുടെ എണ്ണം) 3.2 കോടിയുടെ കുറവാണുണ്ടായത്. പാവപ്പെട്ടവരുടെ എണ്ണം, (പ്രതിദിനം ഏകദേശം 145 രൂപവരുമാനമുള്ളവർ) 7.5 കോടിയോളം വർധിച്ചു.
അതേസമയം, ചൈനയിൽ മധ്യവർഗത്തിന്റെ എണ്ണത്തിലുണ്ടായത് ഒരു കോടിയുടെ കുറവാണ്. ചൈനയിലെ ദാരിദ്ര്യത്തിന്റെ നിരക്കിൽ കാര്യമായ മാറ്റമില്ല.
കോവിഡ് മഹാമാരിക്കു മുന്നോടിയായി ഇന്ത്യയിൽ 9.9 കോടി പേരാണ് മധ്യ വർഗ വിഭാഗത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 6.6 കോടിയിലെത്തിയിരിക്കുന്നതായാണ് കണക്ക്. 3.2 കോടി പേർ പുറത്തായിരിക്കുന്നു. ഇത്തരത്തിൽ മധ്യവർഗത്തിൽ നിന്നു പുറന്തള്ളപ്പെടുന്നവർ എത്തിച്ചേരുന്നത് ദാരിദ്ര്യത്തിലേക്കാണ്. ചിലർ കൊടുംദാരിദ്ര്യത്തിലേക്കും.
കോവിഡിനു മുന്നോടിയായുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കഴിഞ്ഞ വർഷം 5.9 കോടിയിലേക്ക് എത്തുമെന്നായിരുന്നു നിഗമനം. എന്നാലിത് രണ്ടിരട്ടിയിലേറെ വർധിച്ച് ഇപ്പോൾ 13.4 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ 2020ലെ ദാരിദ്ര്യത്തിന്റെ നിരക്ക് 4.3 ശതമാനമാണു പ്രതീക്ഷിച്ചത്, അത് 9.7 ശതമാനത്തിലെത്തിയിരിക്കുന്നുവെന്നും പ്യൂ റിസർച് സെന്റർ പറഞ്ഞു.
2020ൽ ഇന്ത്യയ്ക്കും ചൈനയ്ക്കും യഥാക്രമം 5.8 ശതമാനവും 5.9 ശതമാനവും സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. എന്നാൽ, ഈ ജനുവരിയിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.6 ശതമാനം ചുരുങ്ങുമെന്നും ചൈന രണ്ട് ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചു. രാജ്യത്തെ ഇന്ധന വിലയിലെ വർധന, തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറച്ചത് എന്നിവ കോടിക്കണക്കിന് പേരെ ബാധിച്ചിരുന്നു.






