Kodanchery

എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി : തത്‌ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് എൽഡിഎഫ് സർക്കാർ അനുവദിച്ച പദ്ധതിവിഹിതത്തിൽ യുഡിഎഫ് സർക്കാർ വലിയ തോതിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇതിനെതിരെ എൽ ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. കോടഞ്ചേരി പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ മുപ്പത്തിനാല് ലക്ഷം രൂപയാണ് യു ഡി എഫ് സർക്കാർ കുറവ് വരുത്തിയത്. ഇതിന് പുറമേ റോഡ് ഫണ്ടും നോൺ റോഡ് ഫണ്ടിലും കുറവ് വരുത്തിയിരിക്കുന്നു.

കോടഞ്ചേരി പഞ്ചായത്തിലെ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പ് കേടിൻ്റെ ഭാഗമായി 2, 84,15, 386 രൂപയാണ് സ്പിൽ ഓവർ ആയിരിക്കുന്നത്. ഈ പണവും പദ്ധതിയിൽ കുറവ് വരും. ഇങ്ങനെ മുന്നേകാൽ കോടി രൂപയിലധികം പഞ്ചായത്തിന് നഷ്ടമായിരിക്കുകയാണ്. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനാലാണ് വലിയതുക സ്പിൻ ഓവറായത്. സ്വന്തം കഴിവ് കേട് മറച്ച് വെക്കാൻ കുറ്റം എൽഡിഎഫ് സർക്കാരിൻ്റെ തലയിലിട്ട് തടിയൂരാനാണ് പഞ്ചായത്ത് ഭരണക്കാർ ശ്രമിക്കുന്നത്.

പഞ്ചായത്തിലെ നേരത്തേ തയ്യാറാക്കിയ വികസന പദ്ധതികൾ പണമില്ലാത്തതിനാൽ നടപ്പിലാക്കാൻ കഴിയാത്ത നിലവന്നത് പരിഹരിക്കാൻ നേരത്തേ അനുവദിച്ച തുക തന്നെ കുറവ് വരുത്താതെ അനുവദിച്ച് തരണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ ലക്ഷകണക്കിന് സ്ത്രീകൾക്ക് സഹായകരമായിരുന്ന സ്ത്രീസുരക്ഷ പദ്ധതിയും, സാമൂഹ്യസുരക്ഷ പെൻഷൻ ബാങ്ക് അകൗണ്ടിലൂടെ മാത്രം നൽകിയാൽ മതിയെന്ന ഉത്തരവിലൂടെ 65 ലക്ഷം ആളുകളുടെയും കുടുംബങ്ങളുടേയും ആശ്രയമായ ക്ഷേമ പെൻഷനുകളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെ എസ് ആർ റ്റി സി യാത്ര സ്ത്രീകൾക്ക് സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഭരണത്തിൽ വന്നപ്പോൾ ഓർഡിനറി ബസ്സുകളിൽ മാത്രമാക്കി, ആശമാരുടെ ഓണറേറിയം ഇരുപത്തി ആറായിരമാക്കുമെന്ന വാഗ്‌ദാനം മൂവ്വായിരത്തിൽ ഒതുക്കി.

ജനങ്ങളെ പറ്റിച്ച് വോട്ട് തട്ടിയെടുത്ത് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ നാടിനെയാകെ വഞ്ചിക്കുകയാണ്. പഞ്ചായത്തുകളുടെ ഫണ്ട് കൂടി കുറച്ചതോടെ എല്ലാ വികസന പ്രവർത്തനങ്ങളും താളം തെറ്റും. പഞ്ചായത്തിലേക്ക് നടന്ന മാർച്ചും ധർണ്ണയും സി പി ഐ (എം) തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എൻസിപി നിയോജമണ്ഡലം പ്രിസിഡണ്ട് പി.പി ജോയി അധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയാകമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറിമാരായ എ.എസ് രാജു, പി ജെ ജോൺസൺ, കെ എം ജോസഫ്, കേരള കോൺഗ്രസ് എം പഞ്ചായത്ത് കമ്മറ്റി പ്രിസിഡണ്ട് ഷാജി മുട്ടത്ത്, പഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി , സത്യൻ ചോലയിൽ, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ സ്വഗതവും ശരത്ത് സി എസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button