എസ് എം എ ബാധിതരായ മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായമായി 3,00,001 രൂപ; മാതൃകാപരമായ കാരുണ്യവുമായി പടയാറ്റിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ

കോടഞ്ചേരി: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന അപൂർവ ജനിതക രോഗം ബാധിച്ച കല്ലുരുട്ടിയിലെ ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം ഒരു രൂപ (₹3,00,001) സംഭാവന നൽകി പടയാറ്റിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ.
പടയാറ്റിൽ ഫ്യൂവൽസ് (ഇലന്തുകടവ്, പുല്ലൂരാംപാറ), ഡ്രീം റോക്ക് റിസോർട്സ് (തേൻപാറ, അനക്കംപൊയിൽ), തെക്കിനേത്ത് ഫിനാൻസ് (ഇലന്തുകടവ്, പുല്ലൂരാംപാറ, കരിങ്കുറ്റി, കൂടരഞ്ഞി) എന്നീ സ്ഥാപനങ്ങളുടെ ലാഭവിഹിതം, മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നുള്ള വിഹിതം, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായം എന്നിവ സമാഹരിച്ചാണ് ഈ തുക കൈമാറുന്നത്.
കുട്ടികളുടെ ചികിത്സയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം അവരുടെ ജീവിതത്തിൽ പ്രതീക്ഷയും കരുതലും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം. ഈ ഉദ്യമം സാധ്യമാക്കാൻ പിന്തുണ നൽകിയ സ്ഥാപനങ്ങളുടെ മുഴുവൻ ഉപഭോക്താക്കളോടും മാനേജ്മെന്റും ജീവനക്കാരും നന്ദിയും കടപ്പാടും അറിയിച്ചു.
സഹായധന കൈമാറ്റച്ചടങ്ങ് നാളെ
സമാഹരിച്ച ചികിത്സാ സഹായധനം 2026 നവംബർ 11 ബുധനാഴ്ച വൈകിട്ട് 4.30ന് പുല്ലൂരാംപാറ ഇലന്തുകടവിലുള്ള പടയാറ്റിൽ ഫ്യൂവൽസ് (IOC പെട്രോൾ പമ്പ്) അങ്കണത്തിൽ വെച്ച് കൈമാറും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തുടങ്ങിയ ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക.ചടങ്ങിലേക്ക് ഉപഭോക്താക്കളെയും അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാനേജ്മെന്റും ജീവനക്കാരും ക്ഷണിച്ചിട്ടുണ്ട്.പ്രതീക്ഷ പകർന്നും മാനവികത പരത്തിയും നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനം നാടിന് തന്നെ അഭിമാനമായി മാറുകയാണ്.







