പുതുപ്പാടിയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; നിയന്ത്രണം ശക്തമാക്കും

പുതുപ്പാടി : ലോക്ക്ഡൗണും ശക്തമായ നിയന്ത്രണവും നിലനില്‍ക്കെ പുതുപ്പാടി പഞ്ചായത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുളവാക്കുന്നു.
ഇന്നലെ മാത്രം 50 കൊവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.13 പേര്‍ രോഗമുക്തി നേടി.
നിലവില്‍ 148 രോഗികള്‍ ചികിത്സയിലാണ്. ഡിസിസിയിൽ 40 പേരും ബാക്കിയുള്ളവർ വീടുകളിലും ചികിത്സയിൽ ആണ്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണ്ടാക്കുന്നു.
പുതിയ കൊവിഡ് കേസുകളില്‍ കൂടുതലും സമ്പര്‍ക്ക വ്യാപനത്തിലൂടെയും ഉറവിടംവ്യക്തമാകാത്തതുമാണ് . കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും കോറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികില്‍സിക്കാതെ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നു.ഇതിന്റെ ഭാഗമായി ഇന്നും മറ്റെന്നാള്‍ ശനിയാഴ്ചയും ഈങ്ങാപ്പുഴ എം. ജി .എം ഹൈസ്‌കൂളില്‍ വെച്ച് കൊവിഡ് ടെസ്റ്റ് നടത്താന്‍ പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും തീരുമാനിച്ചു.
വാര്‍ഡ് മെമ്പര്‍മാരുമായോ ആര്‍. ആര്‍ .ടി ആശാവര്‍ക്കരുമായോ ബന്ധപ്പെടണമെന്ന് പുതുപ്പാടി ആരോഗ്യ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
അതേസമയം പുതുപ്പാടി പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ഡങ്കിപനിയുടെ ലക്ഷണങ്ങളും കണ്ടുവരുന്നതായി പറയപ്പെടുന്നു.






