Thiruvambady

ഹരിത കർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപണം; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഐ(എം) പ്രതിഷേധം

തിരുവമ്പാടി: ഹരിത കർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് സിപിഐ(എം) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ നടന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ റിവ്യൂ യോഗത്തിനിടെയാണ് സംഭവമെന്ന് സിപിഐ(എം) ആരോപിച്ചു. പ്രസിഡന്റിന്റെ സഹോദരിയുടെ വീട്ടിലെ ആഴ്ചകളോളം പഴക്കമുള്ളതും പുഴുവരിക്കുന്നതുമായ ഭക്ഷണാവശിഷ്ടങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സേനാംഗങ്ങളോട് ആക്രോശിച്ച് സംസാരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് ആരോപണം.

പ്രസിഡന്റിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ അംഗങ്ങൾപോലും അദ്ദേഹത്തെ തടയാൻ ശ്രമിച്ചെങ്കിലും അധിക്ഷേപം തുടർന്നതായും സിപിഐ(എം) ആരോപിച്ചു. അഴുകിയ ഭക്ഷണാവശിഷ്ടങ്ങൾ യാതൊരു കാരണവശാലും ശേഖരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഹരിത കർമ്മ സേനാംഗങ്ങൾ ഉറച്ചുനിന്നതായും നേതാക്കൾ പറഞ്ഞു.

തിരുവമ്പാടിയെ മാലിന്യമുക്തമായി നിലനിർത്താൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഐ(എം) പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ ധിക്കാരപൂർണമായ നിലപാട് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

സി.എൻ. പുരുഷോത്തമൻ, ഗീതാ വിനോദ്, ഫിറോസ് ഖാൻ, റോയ് തോമസ്, ഗണേഷ് ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button