അനാസ്ഥതുടർന്ന് വാട്ടർ അതോറിറ്റി റോഡിൽ വാഴനട്ട് പ്രതിഷേധം

മുക്കം : വർഷങ്ങളായി വാട്ടർഅതോറിറ്റി തുടരുന്ന അനാസ്ഥയിൽ പൊറുതിമുട്ടിയ നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുക്കം ആലിൻചുവട്-പി.സി. റോഡിൽ രൂപപ്പെട്ട വലിയകുഴിയിൽ വാഴനട്ടാണ് വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചത്.
ഏഴുകോടി രൂപ ചെലവിൽ യാഥാർഥ്യമാക്കിയ ഒന്നാംഘട്ട മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പി.സി. ജങ്ഷൻ-ആലിൻചുവട് റോഡ് കൊരുപ്പുകട്ടകൾ പാകി നവീകരിച്ചത്. റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണപൈപ്പ് പൊട്ടുന്നത് തുടർക്കഥയായതോടെ വാട്ടർഅതോറിറ്റി അധികൃതരെത്തി കൊരുപ്പുകട്ടകൾ നീക്കി അറ്റകുറ്റപ്പണിയെടുക്കുന്നതും പതിവാണ്.
ഈ റോഡിന്റെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനുമുൻപ് പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ വാട്ടർഅതോറിറ്റിയോട് നിർദേശിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല. കഴിഞ്ഞദിവസം ഇവിടെ വാട്ടർഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയിരുന്നു. വാട്ടർ അതോറിറ്റി ചോർച്ച അടയ്ക്കുകയും ചെയ്തു. എന്നാൽ, പ്രവൃത്തിക്കുശേഷം കൊരുപ്പുകട്ടകൾ ശാസ്ത്രീയമായി സ്ഥാപിക്കാതിരുന്നതാണ് വിനയായത്. ഇളക്കിമാറ്റിയ കൊരുപ്പുകട്ടകൾ ഉടൻ സ്ഥാപിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വ്യാപാരികൾ പറഞ്ഞു.







