കൊടിയത്തൂരിൽ അശ്വമേധം അഞ്ചാം ഘട്ടം ആരംഭിച്ചു

കൊടിയത്തൂർ: കുഷ്ഠരോഗ നിർമാർജന ലക്ഷ്യത്തോടെ ജനുവരി 18 മുതൽ 23 വരെ നടത്തപ്പെടുന്ന അശ്വമേധം കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ അഞ്ചാം ഘട്ടം ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രം, കൊടിയത്തൂർ കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ തുടക്കം കുറിച്ചു.
പരിശീലനം ലഭിച്ച വോളന്റിയർമാർ ഭവന സന്ദർശനം നടത്തി ദേഹപരിശോധനയിലൂടെ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തുകയും രോഗനിർണയ ടെസ്റ്റിന് വിധേയരാക്കുകയും യഥാ സമയത്തുള്ള ചികിത്സ നൽകുകയും അതിലൂടെ സമൂഹത്തിൽ കുഷ്ഠ രോഗ പകർച്ച ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. നേരത്തെ രോഗം കണ്ടുപിടിക്കുന്നതിലൂടെ അംഗവൈകല്യം തടയാനും സാധിക്കും.
ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.







