Thiruvambady

തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക: സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി

തിരുവമ്പാടി: മലബാറിന്റെ, പ്രത്യേകം തിരുവമ്പാടി മണ്ഡലത്തിന്റെ വികസന കുതിപ്പിന് വഴിതുറക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കണമെന്ന് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ പ്രവർത്തികൾ നിർത്തിവെച്ചിട്ട് രണ്ടര മാസമാകുകയാണ്.

തുരങ്കപാത പദ്ധതിയെ എതിർക്കുമെന്ന പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ശരിവെക്കുന്ന തരത്തിലാണ് നിലവിലെ സർക്കാറിന്റെയും ജനപ്രതിനിധികളുടെയും നിലപാടെന്ന് പൊതുജനങ്ങൾക്കിടയിൽ സംശയം ബലപ്പെടുകയാണ്. ജൂലൈ 7-ന് മേപ്പാടി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്റെ പേര് പറഞ്ഞാണ് നിലവിൽ പ്രവർത്തികൾ പൂർണ്ണമായി നിർത്തിവെച്ചിരിക്കുന്നത്.
ടണലിന്റെ ആനക്കാംപൊയിൽ ഭാഗത്ത് RHS 110 മീറ്ററും LHS 20 മീറ്ററും തുരന്ന് മുന്നേറുന്നതിനിടെയാണ് മേപ്പാടി ഭാഗത്ത് അപകടം ഉണ്ടാകുന്നത്. പദ്ധതി പുരോഗതി കൃത്യമായി അവലോകനം ചെയ്യുന്നതിൽ അധികൃതർ കാണിച്ച അനാസ്ഥയും കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാത്തതുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്-1, സ്റ്റേജ്-2 ക്ലിയറൻസുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമാണ് 2025 ഓഗസ്റ്റ് 31-ന് പദ്ധതി നിർമ്മാണം ആരംഭിച്ചത്. അനുമതികൾക്കെതിരെ ഉയർന്ന ഹർജികൾ പരിശോധിച്ച ഹൈക്കോടതിയും സുപ്രീം കോടതിയും പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഈ അപകടത്തെ മുൻനിർത്തി മലയോര ജനതയുടെ ഡ്രീം പ്രോജക്റ്റ് അട്ടിമറിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. നിലവിലെ തിരുവമ്പാടി എംഎൽഎ നാളിതുവരെ പദ്ധതി പ്രദേശം (ആനക്കാംപൊയിൽ – മറിപ്പുഴ) സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.

ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും, നിലവിൽ നിയമിച്ചിരിക്കുന്ന സ്പെഷ്യൽ കമ്മിറ്റി അതിവേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ആവശ്യമായ മുൻകരുതലുകളോടെ പ്രവൃത്തികൾ പുനരാരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button