അംഗബലമില്ലാതെ തിരുവമ്പാടി പോലീസ്

തിരുവമ്പാടി : ജില്ലയിലെ ഏറ്റവും വിശാലഭൂപ്രദേശങ്ങൾ അധികാരപരിധിയിൽപ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ മതിയായ പോലീസുകാരില്ല. സ്റ്റാഫ് പാറ്റേൺപ്രകാരം 35 പേർ ആവശ്യമായിടത്ത് കേവലം 25 പേരാണുള്ളത്. നിർദിഷ്ട തുരങ്കപാത തുടങ്ങുന്ന മറിപ്പുഴ മുതൽ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ, പൂവാറൻതോട് തുടങ്ങി ചെങ്കുത്തായ മലമ്പാതകൾക്കപ്പുറമുള്ള പ്രദേശങ്ങൾവരെ നീണ്ടുകിടക്കുന്നു സ്റ്റേഷൻപരിധി. ക്രമസമാധാനപാലനത്തിനും മറ്റും തിരുവമ്പാടിയിൽനിന്നു ദുർഘടപാതകൾ താണ്ടി ഇരുപതും ഇരുപത്തഞ്ചും കിലോമീറ്റർവരെ ദൂരം സഞ്ചരിച്ചെത്തണം. ജീവനക്കാരുടെ ക്ഷാമം സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നിലവിലെ ജീവനക്കാരാകട്ടെ ഇരട്ടിഭാരംകൊണ്ട് ബുദ്ധിമുട്ടുന്നു. ഇത് മാനസികസംഘർഷമുൾപ്പെടെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. രാപകൽഭേദമെന്യേ ഡ്യൂട്ടിയിലേർപ്പെടുന്നവർക്കിടയിലാണ് സംഘർഷം കൂടുതൽ.
വനിതാ എസ്.എച്ച്.ഒയുള്ള മലയോരത്തെ ഏക സ്റ്റേഷനാണിത്. മൂന്ന് വനിതാ എ.എസ്.ഐമാരുമുണ്ട്. ഡ്രൈവർ ഉൾപ്പെടെ പത്തു ജീവനക്കാരുടെ ഒഴിവാണ് നിലവിലുള്ളത്. സ്ഥലംമാറിപ്പോയവർക്കും വിരമിച്ചുപോയവർക്കും പകരം നിയമനം നടക്കുന്നതിന് കാലതാമസം നേരിടേണ്ടിവരുന്ന സവിശേഷസാഹചര്യമാണ് ഈ സ്റ്റേഷനുള്ളത്. നിലവിലെ രണ്ട് എസ്.ഐമാരിൽ ഒരാൾ അടുത്ത ജനുവരിയിൽ വിരമിക്കും.







