ബാലൻ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ; പ്രതിഫലം നൽകാതെ വനം വകുപ്പ്

മുക്കം :കുന്നും മലയും താണ്ടി സി.എം.ബാലൻ കഴിഞ്ഞ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ. ഏതു പാതിരാത്രിയിലും കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഓടിയെത്തുമെങ്കിലും 7 മാസമായിട്ടും ഇതുവരെ പണമൊന്നും വനം വകുപ്പ് നൽകിയിട്ടില്ല. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയവരുടെ മൊത്തം സങ്കടമാണിത്. എക്സൈസ് വകുപ്പിൽ നിന്നു പ്രിവന്റീവ് ഓഫിസറായി വിരമിച്ച, നഗരസഭയിലെ കച്ചേരി സ്വദേശി സി.എം.ബാലൻ കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ്, കൂടാംപൊയിൽ വാർഡുകളിൽ മാത്രം 10 പന്നികളെ വെടിവച്ച് കൊന്നിട്ടുണ്ട്.
മുക്കം നഗരസഭയ്ക്കു പുറമേ കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും കാട്ടുപന്നികളെ കൊന്നിട്ടുണ്ട്. ഒരു പന്നിയെ കൊന്നാൽ 1,000 രൂപ നൽകുമെന്നാണ് വനം വകുപ്പ് പറയുന്നത്. ഓരോ തവണ പന്നികളെ കൊല്ലുമ്പോഴും 1,000 രൂപ കിട്ടി ബോധിച്ചെന്ന വൗച്ചർ കൃത്യമായി വാങ്ങാറുണ്ടെന്നു ബാലൻ പറഞ്ഞു. പക്ഷേ, ഇതുവരെ പണമൊന്നും അക്കൗണ്ടിൽ വന്നിട്ടില്ല. തോക്കിൽ ഉപയോഗിക്കുന്ന തിര ലഭിക്കണമെങ്കിൽ കോയമ്പത്തൂരിലോ എറണാകുളത്തോ പോകണമെന്നു ബാലൻ പറയുന്നു.
അർധ രാത്രിയിലും മറ്റും പന്നിയെ കൊല്ലാൻ പോകാൻ ഒരു സഹായിയെയും കൂട്ടണം. ഇതുവരെ കൊന്ന 32 കാട്ടുപന്നികളിൽ 5 എണ്ണത്തെ മാത്രമാണു പകൽ വെടിവച്ചത്. മറ്റുള്ളവയെല്ലാം രാത്രിയിലാണ്. രാത്രിയിൽ കാട്ടുപന്നികളെ വെടിവയ്ക്കുകയെന്നത് ഏറെ ശ്രമകരവും അപകടം നിറഞ്ഞതുമാണ്. പന്നികളെ കൊന്ന് കഴിഞ്ഞാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മറവു ചെയ്യുകയും വിശദമായ രേഖകൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതിഫലമില്ല. ഇതേക്കുറിച്ചു തിരക്കിയപ്പോൾ പന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചവർ രേഖകൾ സമർപ്പിച്ചില്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.







