Thiruvambady

നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ഗോൾഡ് മെഡൽ നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി താരം അഷ്മിക സി.പി

തിരുവമ്പാടി: ഗുവാഹത്തിയിൽ നടക്കുന്ന 37മത് നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ആദ്യ ഗോൾഡ് മെഡൽ നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി താരം അഷ്മിക സി.പി അഭിമാനനേട്ടം കൈവരിച്ചു.

നവംബർ 11 മുതൽ നവംബർ 15 വരെയാണ് ഗുവാഹത്തിയിൽ 37മത് നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ 7 താരങ്ങളാണ് നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഷ്മികയുടെ മികവിന് പിന്തുണയായി സ്കൂൾ അധ്യാപകരും ഒപ്പമുണ്ട്.

മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന അഷ്മികയുടെ പ്രയാണത്തിന്റെ പിന്നിൽ അമ്മയുടെ കൈപ്പുണ്യതിന്റെ കഥകൂടിയുണ്ട്.

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ വാർഡനാണ് ഇപ്പോൾ അഷ്മികയുടെ അമ്മ ബിജി.

ആ ജോലി നേടിയതിനുപിന്നിലൊരു കഥയുമുണ്ട്. നാദാപുരം നരിപ്പറ്റ സ്വദേശികളായ ഭാസ്കരൻ – ബിജി ദമ്പതികൾ ട്രിപ്പിൾ, ലോങ് ജംപ് താരമായ മകൻ സി.പി. അഭിജിത്തിന് മികച്ച പരിശീലനം നൽകുന്നതിനാണ് ആദ്യം മലബാർ അക്കാദമിയിലെത്തിയത്. ചേട്ടനെ കാണാനായി അമ്മയോടൊപ്പം ചിലപ്പോഴൊക്കെ അഷ്മികയും അക്കാദമിയിലെത്താറുണ്ട്.

ഇതിനിടയിലാണ് ഒരു ദിവസം ഇവിടത്തെ പരിശീലകൻ ടോമി ചെറിയാൻ അഷ്മികയെ ശ്രദ്ധിച്ച്ത്. കായിക താരമാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം അവളെയും ഇവിടെ ചേർക്കുന്നോ എന്ന് ചോദിച്ചു. ആഗ്രഹമുണ്ടായിരുന്നെങ്കിലും
രണ്ടു പേർക്കുള്ള ഫീസിന് എന്തു ചെയ്യുമെന്നതായിരുന്നു അമ്മ ബിജിയുടെ ആധി.

വിഷമം പരിഗണിച്ച് അക്കാദമി അധികൃതർ ഒരു പരിഹാരം മുന്നോട്ടുവെച്ചു. ബിജി ഇവിടെ വാർഡനായി നിന്നാൽ ശമ്പളത്തിൽ നിന്ന് ഇരുവരുടെയും ഫീസ് എടുക്കാം എന്ന് പറഞ്ഞു. എല്ലാവർക്കും സമ്മതം. അങ്ങനെയാണ് പാചകം അടക്കം സമ്പൂർണ മേൽനോട്ടവുമായി ബിജിയും മക്കളോടൊപ്പം അക്കാദമിയിൽ ചേർന്നത്.

കഥ അവിടെ തീർന്നെങ്കിലും നേട്ടങ്ങൾ പിന്നെയും ബാക്കി, ആന്ധ്രയിൽ നടന്ന ദക്ഷിണ മേഖല ദേശീയ മീറ്റിലും അഷ്മിക സ്വർണം നേടിയിരുന്നു. കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ ആദ്യമായി സിസർ കട്ട് രീതിയിലുള്ള ഹൈജംപ് ഉൾപ്പെടുത്തിയപ്പോൾ അഷ്മിക 1.36 മീറ്റർ ചാടി സ്വർണം നേടിയിരുന്നത്. തൻറെ അതേ റെക്കോർഡ് ഈ വർഷം 1.47 മീറ്റർ ആക്കി ഉയർത്തിയാണ് അഷ്മിക വീണ്ടും സ്വർണം നേടിയത്.

സഹോദരൻ അഭിജിത്തും ഒട്ടും പിന്നിലല്ല, ആന്ധ്രയിലെ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ ചേട്ടൻ അഭിജിത്തും, അഷ്മികയുടെ പ്രയാണത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

മലബാർ സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ മികച്ച നേട്ടം കൈവരിച്ച് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ഒരു നാടും നാട്ടിലെ ജനങ്ങളും.

Related Articles

Leave a Reply

Back to top button