ലോക് ഡൗണ്‍ ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയവരുടെ 18 ബൈക്കുകള്‍ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു

താമരശ്ശേരി: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ അമരാട് മലയിലെത്തിയവരുടെ ബൈക്കുകളാണ് പോലീസ് പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രദേശത്ത് പരിശോധനക്കെത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂര്‍, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തിയവരാണ് ഏറെയും.
പിടിച്ചെടുത്ത ബൈക്കുകള്‍ പോലീസുകാര്‍ ഓടിച്ചും ലോറികളില്‍ കയറ്റിയും താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പോലിസ് എത്തിയതറിഞ്ഞ് രക്ഷപ്പെട്ടവരുടെ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ബൈക്കുടമകള്‍ക്കെതിരെ ലോക് ഡൗണ്‍ നിയന്ത്രണം പാലിക്കാത്തതിനും വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റ് വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വി കെ സുരേഷ്, അജിത്, സി പി ഒ മാരായ രതീഷ്, പ്രസാദ്, ഷൈജല്‍, എം എസ് പി കാരായ സി കെ അതുല്‍, അജ്മല്‍ എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.





