Local

വൈദ്യകുലപതി ഡോ പി.കെ വാരിയര്‍ അന്തരിച്ചു

കോട്ടയ്ക്കൽ: ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർ(100) അന്തരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.

1999 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല. അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കർമനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം.

വൈദ്യത്തിന് മാനവികതയുടെ മുഖം നൽകുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും ചെയ്തു പി.കെ വാരിയർ എന്ന വിശ്വപൗരൻ.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിൽ 1921 ജൂൺ 5 നാണ് പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ജനിക്കുന്നത്. ശ്രീധരൻ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.

കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ ആണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം പൂർത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്.

1942 ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപർവം’ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് വൈദ്യരത്നം എന്ന സ്ഥാനം നൽകി ആദരിച്ചു.

ആര്യ വൈദ്യശാഖയിൽ ഇന്നത്തെ രീതിയിലുള്ള പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മാധവ വാരിയർ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയർ.

ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയർത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമാണ്.

നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സാരീതികൾക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങൾക്കായി പലരും ഇവിടെയെത്തിച്ചേർന്നു.

വാരിയരുടെ പേരിൽ ഒരു ഔഷധ സസ്യം

ആയുർവേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുൻനിർത്തിയും കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നൽകിയി.

ജിംനോസ്റ്റാക്കിയം വാരിയരാനം എന്നാണ് ഈ സസ്യത്തിന്റെ പേര്. 70 സെ.മീ നീളത്തിൽ വളരുന്ന ഈ സസ്യം നവംബറിനും മാർച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്.

പർപ്പിൾ നിറത്തിലുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. വംശനാശം നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഈ ചെടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തിൽ പരിപാലിക്കുന്നു. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽപ്പെട്ടതാണ് ഇത്. ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട 14 സസ്യങ്ങൾ കാണുന്നുണ്ട്. എന്നാൽ കേരളത്തിൽ വെറും ഏഴെണ്ണം മാത്രമാണുള്ളത്

പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ

114 വർഷങ്ങൾക്കു മുമ്പ് വൈദ്യരത്നം പി.എസ് വാരിയർ സ്ഥാപിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല ഉയർത്തിപ്പിടിച്ചത് മലപ്പുറം ജില്ലയുടെ പേരും പെരുമയുമാണ്. കോട്ടയ്ക്കൽ എന്ന ഗ്രാമത്തിന്റെ പ്രശസ്തി കടൽ കടന്നപ്പോൾ പുരസ്കാരങ്ങളും അംഗീകാരങ്ങളും സ്ഥാപനത്തിന്റെ നെടുംതൂണായ പി.കെ വാര്യരെ തേടിയെത്തി.

  1. 1997 ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ എന്ന സ്ഥാനം നൽകി ആദരിച്ചു
  2. 1999 ഇന്ത്യ ഗവൺമെന്റ് ‘പദ്മശ്രീ’ നൽകി ആദരിച്ചു
  3. വിജയവാഡയിലെ ‘അക്കാദമി ഓഫ് ആയുർവേദ’ അദ്ദേഹത്തിന് ‘മില്ലേനിയം ഗോൾഡ് മെഡൽ ‘ നൽകി ആദരിച്ചു
  4. മഹാരാഷ്ട്ര ഗവർണ്ണറായിരുന്ന പി.സി. അലക്സാണ്ടറിൽ നിന്നും മുപ്പതാമത് ധന്വന്തരി അവാർഡ് 2001 ൽ ലഭിച്ചു
  5. ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് ലഭിച്ചു
  6. ആയുർവേദ ഡോക്ടർമാരുടെ അക്കാദമി ഏർപ്പെടുത്തിയ ‘ആദി സമ്മാൻ പുരസ്കാർ’ 2001 ൽ ലഭിച്ചു
  7. മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് നൽകി കേരള മാനേജ്മെന്റ് അസോസിയേഷൻ 2002 ൽ അദ്ദേഹത്തെ ആദരിച്ചു
  8. 2003ൽ പി.എസ് ജോൺ മെമ്മോറിയൽ അവാർഡ് ലഭിച്ചു
  9. ആയുർവേദിക് മെഡിസിൻ മാനുഫാക്ച്വറേഴ്സ് ഓർഗനൈസേഷൻ 2003ൽ ‘പതഞ്ജലി പുരസ്കാരം’ നൽകി ആദരിച്ചു
  10. 2004ൽ സി.അച്യുതമേനോൻ അവാർഡ് ലഭിച്ചു
  11. 2010ൽ പദ്മഭൂഷൻ നൽകി ആദരിച്ചു
  12. കാലിക്കറ്റ് സർവ്വകലാശാല 1999 -ൽ ബഹുമാനസൂചകമായി ഡി. ലിറ്റ് നൽകി
  13. 2009 ൽ അഷ്ടാംഗരത്ന അവാർഡ് ലഭിച്ചു

Related Articles

Leave a Reply

Back to top button