Thiruvambady

കായികപരിശീലനം; സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച മാസ്ഡികോസ് സൊസൈറ്റി; മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: കേരളത്തെ കായികക്ഷമതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതിനായി ബഹുമുഖമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്‌. സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി കായിക പരിശീലനം ലക്ഷ്യമിട്ട്‌ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡവലപ്മെന്റ്‌ ആൻഡ്‌ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മാസ്ഡി കോസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക മേഖലയിലെ വികസനത്തിൽ സഹകരണ മേഖലയ്ക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിയും. അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസുകളിൽ കായികം ഒരിനമായി പാഠ്യപദ്ധതിയിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. ആദ്യകാല കായിക താരങ്ങളും പരിശീലകരുമായ അച്യുതൻ, കെ എം മത്തായി, കെ എഫ് ഫ്രാൻസിസ് എന്നിവരെ മന്ത്രി ആദരിച്ചു. മലബാർ സ്പോർട്സ് അക്കാദമിയിലെ പരിശീലകരേയും കായിക താരങ്ങളേയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ ആദരിച്ചു.

മുൻ എംഎൽഎ ജോർജ് എം തോമസ് ആദ്യ നിക്ഷേപം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കളത്തൂർ, മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ വി പി ജമീല, കെ എ അബ്ദുറഹിമാൻ, ടി വിശ്വനാഥൻ, ബാബു പൈക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അനുപമ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ്‌ ജോസ് മാത്യു സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button