Mukkam

നഗര സൗന്ദര്യ വത്കരണത്തിലെ മെല്ലെപ്പോക്ക് വ്യാപാര മേഖലയ്ക്ക് തിരിച്ചടി

മുക്കം : മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്കും റോഡ്‌ നവീകരണപ്രവൃത്തികളും നഗരത്തിലെ വ്യാപാരികൾക്ക് ദുരിതമാകുന്നു. ആറുകോടിരൂപ ചെലവിൽ നടക്കുന്ന നഗരസൗന്ദര്യവത്കരണ പ്രവൃത്തികളാണ് ഏറെ ദുരിതം തീർക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

2020 സെപ്റ്റംബറിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടനംകഴിഞ്ഞ് ഒന്നരവർഷം പിന്നിടാറാകുമ്പോഴും പ്രവൃത്തി പകുതിപോലുമായില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അഭിലാഷ് ജങ്ഷൻമുതൽ മുക്കം പാലംവരെയുള്ള 600 മീറ്റർ ഭാഗത്ത് നാലുവരിപ്പാതയും 14 മീറ്റർ വീതിയിൽ ടാറിങ്ങും റോഡരികിൽ കലുങ്കുകളും ഓവുചാലും ടൈൽ വിരിച്ച നടപ്പാതയും തെരുവുവിളക്കുകളും ഒരുക്കുന്നതാണ് പദ്ധതി. അഭിലാഷ് ജങ്ഷൻ മുതൽ ആലിൻചുവടുവരെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡും ആലിൻചുവട് മുതൽ പി.സി. ജങ്ഷൻവരെ കൊരുപ്പുകട്ട പതിച്ച പാതയുമാണ് പദ്ധതിയിലുള്ളത്.

എന്നാൽ, ഒന്നരവർഷത്തിനിടെ ഓവുചാലുകളുടെ പ്രവൃത്തിമാത്രമാണ് പൂർത്തിയാക്കിയത്. സംസ്ഥാനപാതയിൽ കാരശ്ശേരി ബാങ്കിനുമുന്നിൽ നിർമിക്കുന്ന കലുങ്കിന്റെ പ്രവൃത്തി പാതിവഴിയിലാണെന്നും വ്യാപാരികൾ പറയുന്നു. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണംമൂലം ഉപഭോക്താക്കൾക്ക് അഭിലാഷ് ജങ്ഷനിലെ കടകളിൽ എത്താൻ സാധിക്കുന്നില്ലെന്നും കഴിഞ്ഞ ഒരാഴ്ചയായി കച്ചവടം കുത്തനെ കുറഞ്ഞതായും വ്യാപാരികൾ പറഞ്ഞു.

സംസ്ഥാനപാതയിൽ മുക്കം പാലംമുതൽ അഭിലാഷ് ജങ്ഷൻ വരെയുള്ള ഭാഗം നഗരസൗന്ദര്യവത്കരണത്തിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. അഭിലാഷ് ജങ്ഷൻമുതൽ അഗസ്ത്യൻമൂഴിവരെയുള്ള പ്രവൃത്തി കഴിഞ്ഞ് റോഡ് തുറക്കുന്നതിനുപിന്നാലെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൂടി ആരംഭിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

Related Articles

Leave a Reply

Back to top button