തിരുവമ്പാടിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളജിന്റെയും സംയുക്തഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയപരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ കെ വി ഉദ്ഘാടനം ചെയ്തു. “സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം” എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ക്ലാസ്സെടുത്തു. ഷില്ലി എൻ വി (പിച്ച് എൻ) സ്റ്റെഫി ജോൺ (പ്രൊഫസർ കെ എം സി ടി നഴ്സിംഗ് കോളേജ്)ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജു കെ മുഹമ്മദ് മുസ്തഫ ഖാൻ,മിനി വി എം എന്നിവർ സംസാരിച്ചു.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിതാഴെപ്പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകൾ ആണ് ഡെങ്കിപ്പനി പരത്തുന്നത്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ തന്നെ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയതു തുടങ്ങി. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, പ്ലാൻ്റേഷൻ,പൈനാപ്പിൾ – കമുകിൻ തോട്ടങ്ങൾ , കൊക്കോ തോട്ടങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ, ഇൻഡോർ ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ എന്നിവയാണ് പ്രധാന ഉറവിടങ്ങളായി കാണുന്നത്.ആഴ്ചതോറും ഡ്രൈ ഡേ ആചരിച്ച് വീടും പരിസരവും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.
പറമ്പുകളിൽ അലക്ഷ്യമായി കിടക്കുന്ന തൊണ്ടുകൾ, ചിരട്ടകൾ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ,കളിപ്പാട്ടങ്ങൾ. മുട്ടത്തോട്, ടാർപോളിൻ ഷീറ്റുകൾ, പൊട്ടിയ പാത്രങ്ങൾ., റഫ്രിജറേറ്ററിൻ്റെ അടിയിലെ ട്രേ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ വീട്ടിലെ ഓരോ അംഗങ്ങളും ശ്രദ്ധിക്കണം. കൊതുക്ജന്യ രോഗങ്ങളെ നേരിടുന്നതിന് വീടിൻ്റ ചുറ്റുപാടുകൾ സംരക്ഷിക്കണം’ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന , കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. ‘രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം’.നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും വഴി രോഗo ഗുരുതരമാകുന്നത് തടയാൻ കഴിയും. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും അകത്ത് കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് ഡെങ്കിപ്പനി പ്രതിരോധത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും എഫ്. എച്ച്.സി മെഡിക്കൽ ഓഫീസർ അറിയിച്ചു.