ടാറിങ് കഴിഞ്ഞ് പത്തുനാൾക്കകം പൊൻകുന്നം റോഡ് തകർന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം-പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തുനാൾക്കകം തകർന്നു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപത്തുനിന്നാണ് ഈ ഇടറോഡ് ആരംഭിക്കുന്നത്. പത്തുദിവസംമുമ്പാണ് ടാറിങ് നടത്തിയത്. റോഡിന്റെ പലഭാഗങ്ങളും അമർത്തിച്ചവിട്ടിയാൽ പൊളിഞ്ഞുപോകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ കയറ്റമുള്ള ഭാഗത്ത് ടാറിങ്ങും മെറ്റലുമടക്കമിളകി പലഭാഗത്തും കൈകൊണ്ട് വാരിയെടുക്കാൻ പാകത്തിലായിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
200 മീറ്ററോളം ദൈർഘ്യമുള്ള റോഡ് നാലുലക്ഷം രൂപ വിനിയോഗിച്ചാണ് ഗ്രാമപ്പഞ്ചായത്ത് ടാറിങ് നടത്തിയത്. റോഡ് നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. ടാറിങ് ഉറയ്ക്കുന്നതിനുമുമ്പേ ഗതാഗതനിയന്ത്രണം മറികടന്ന് വാഹനങ്ങൾ ഓടിയതുകൊണ്ടാണ് റോഡ് തകർന്നതെന്നും നിർമാണത്തിൽ ക്രമക്കേട് നടന്നതായി തോന്നുന്നില്ലെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് വാർഡംഗവും മുൻപ്രസിഡന്റുമായ മേഴ്സി പുളിക്കാട്ട് പ്രതികരിച്ചത്.
അതേസമയം, ടാറിങ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞുമാത്രമേ വാഹനങ്ങൾ ഓടിയിട്ടുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചത് ടാറിങ്ങിന് ഏതാനുംദിവസംമുമ്പാണ്. ഏതാണ്ട് നൂറുമീറ്റർ ദൂരമേ കുത്തിപ്പൊളിച്ചിട്ടുള്ളൂ. ജലവിതരണപൈപ്പിടുന്നതിനായി ബാക്കിഭാഗം ഉടൻ വെട്ടിപ്പൊളിക്കേണ്ടിവരും. ഇതോടെ ഗതാഗതം കൂടുതൽ ദുഷ്കരമാകും.






