Kodanchery

കോടഞ്ചേരിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി; പഞ്ചായത്തിലേക്കുള്ള പ്രവേശനം അടച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന്, ഡെപ്യൂട്ടി കളക്ടർ സി ബിജുവിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾപ്പടെ ആർ ആർ ടി യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രവേശനം അടച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവൻ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ 8 മുതൽ 11 വരെയും, പൊതു വിതരണ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ ഉച്ചക്ക് 2മണി വരെയും മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കുകയുള്ളു.

13, 14 വാർഡുകൾ പൂർണ്ണമായും ട്രിപ്പിൾ ലോക് ഡൗൺ ചെയ്ത് കഴിഞ്ഞതിനാൽ, ഈ വാർഡുകളിൽ ഉള്ളവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ച് നൽകുന്നതിന് ആർ ആർ ടി വാളണ്ടിയർന്മാർക്കൊപ്പം ഫയർ ഫോഴ്‌സ് ഡിഫൻസ് ടീമും യോജിച്ച് പ്രവർത്തിക്കും.

മുസ്ലീം സഹോദരങ്ങളുടെ നോമ്പ് തുടങ്ങിയതിനാൽ സക്കാത്ത് നൽകുന്നതിനും മറ്റുമായി ആളുകൾ കൂട്ടമായി പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. ഇതിനായി സക്കാത്ത് കിറ്റുകൾ ആർ ആർ ടി വാളണ്ടിയർമാർ വീട്ടിലെത്തിച്ച് നൽകും.

കിടപ്പ് രോഗികൾ, അഗതികൾ, ട്രൈബൽ വിഭാഗക്കാർ, അതിഥി തൊഴിലാളികൾ എന്നിവർക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി.

കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള എല്ലാവരെയും ഹോസ്പിറ്റലിൽ ഐസ്വലേറ്റ് ചെയ്തുകഴിഞ്ഞു. സെക്കൻഡറി കോൺടാക്റ്റിലുള്ളവരെ ഉടൻതന്നെ കണ്ടെത്തി അവരെ ക്വാറന്റൈൻ ചെയ്യും.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ, വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, സ്ഥിരം സമിതി അംഗങ്ങളായ ചിന്ന അശോകൻ, കെ എം ബഷീർ, ടെസി ഷിബു, സെക്രട്ടറി കെ ഗിരീഷ് കുമാർ, തഹസീൽദാർ സി അബ്ദുൽ റഫീഖ്, താമരശ്ശേരി ഡി വൈ എസ് പി കെ പി അബ്ദുൽ റസാഖ്, കോടഞ്ചേരി സി ഐ കെ പി സുനിൽ, എസ് ഐ എം അഭിലാഷ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുറഹിമാൻ, എച്ച് ഐ കിഷോർ, വിലേജ് ഓഫീസർമാരായ പ്രഭാകരൻ(കോടഞ്ചേരി), കെ ഷിജു (കൂടത്തായി), മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ എൻ വിജയൻ, വാർഡ്‌ മെമ്പർമാരായ തമ്പി പറകണ്ടതിൽ, കെ പി ചാക്കോച്ചൻ,റൂബി തമ്പി, വെറ്റിനറി ഡോക്ടർ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button