എലവേറ്റ്സ് 2026 സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന് തുടക്കമായി

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സ്കൂൾതല ക്യാമ്പ് ‘എലവേറ്റ്സ് 2026’ ന് തുടക്കമായി. രാവിലെ ഒൻപത് മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ പതാക ഉയർത്തി ക്യാമ്പിന് ഔദ്യോഗിക തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ്.ഐ.സി., സ്റ്റാഫ് സെക്രട്ടറി സ്മിത കെ. എന്നിവർ ആശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ നന്ദി രേഖപ്പെടുത്തി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, നേതൃത്വപാടവം, അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, സേവനമനോഭാവം എന്നിവ വളർത്തുന്നതിനായി വിവിധ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐസ് ബ്രേക്കിംഗ് സെഷനുകൾ, ദുരന്തനിവാരണ പരിശീലനം, ട്രാഫിക് അവബോധ ക്ലാസുകൾ, തൊഴിലധിഷ്ഠിത കരകൗശല നിർമ്മാണ പരിശീലനം എന്നിവയ്ക്കു പുറമേ സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ വിവിധ നൈപുണികൾ പരിചയപ്പെടുത്തുന്ന പഠന-പരിശീലന പ്രവർത്തനങ്ങളും കെട്ടുകളുടെ പരിശീലനവും ദിതീയ സോപാൻ പരീക്ഷയ്ക്കുള്ള മുന്നൊരുക്ക ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവും ജീവിതനൈപുണികളും പകർന്നുനൽകി വിദ്യാർത്ഥികളെ അച്ചടക്കവും ഉത്തരവാദിത്വബോധവുമുള്ള പൗരന്മാരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.







