അച്ഛന്റെ ഓർമ്മദിനത്തിൽ പൂക്കൾ വാങ്ങാൻ കരുതിയ പണം കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകി സഹോദരങ്ങൾ

കോടഞ്ചേരി: അന്തരിച്ച അച്ഛന്റെ ഓർമ്മദിനത്തിൽ സ്മൃതികുടീരത്തിൽ അർപ്പിക്കാനുള്ള പൂക്കൾ വാങ്ങാൻ സ്വരൂപിച്ച പണം കല്ലുരുട്ടിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സംഭാവന നൽകി മാതൃകയായി വിദ്യാർഥികളായ സഹോദരങ്ങൾ.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എബിൻ വിജേഷും അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്രിസ്റ്റീന വിജേഷുമാണ് തങ്ങളുടെ സമ്പാദ്യം ചികിത്സാസഹായമായി നൽകിയത്.
അഞ്ചു വർഷം മുമ്പ് അന്തരിച്ച പിതാവിന്റെ ചരമദിനത്തിൽ സ്മൃതികുടീരത്തിൽ അർപ്പിക്കാനുള്ള പൂക്കൾ വാങ്ങുന്നതിനായി കുടുക്കയിൽ നാണയത്തുട്ടുകളായി ശേഖരിച്ച പണമാണ് കുട്ടികൾ സംഭാവനയായി നൽകിയത്. തുക സ്കൂൾ ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു.
ദിവസവേതനത്തിന് ജോലി ചെയ്ത് മക്കളെ വളർത്തുന്ന അമ്മ റിൻസിയുടെ ജീവിതമാണ് തങ്ങൾക്ക് ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു. അച്ഛന്റെ ഓർമ്മദിനത്തിൽ പൂക്കൾക്ക് പകരം സഹജീവികൾക്ക് സഹായഹസ്തം നീട്ടിയ ഈ കുരുന്നുകളുടെ പ്രവർത്തനം ശ്രദ്ധേയമായി.







