Mukkam

കുരുന്നുകളുടെ ജീവനുവേണ്ടി മലയോരത്തിന്റെ കാരുണ്യയാത്ര

മുക്കം : അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ കൈകോർക്കുകയാണ് മലയോരത്തെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. ഒന്നര വയസ്സുകാരായ ഈഥൻ, ഡേവിഡ്, ഒലിവർ എന്നീ കുരുന്നുകളുടെ ചികിത്സക്കായി 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിന് കരുത്തേകാനാണ് സ്വകാര്യ ബസുകൾ കാരുണ്യത്തിന്റെ ചക്രങ്ങളുരുട്ടുന്നത്. നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന ‘കാരുണ്യയാത്ര’യിലൂടെ അന്നത്തെ ബസ് സർവിസുകളിൽ നിന്ന് ഇന്ധനച്ചെലവ് കഴിച്ചുള്ള മുഴുവൻ വരുമാനവും ജീവനക്കാരുടെ അന്നത്തെ വേതനവും ചികിത്സാ സഹായനിധിയിലേക്ക് കൈമാറും.

തിരുവമ്പാടി മുൻ എം.എൽ.എ ലിന്റോ ജോസഫിന്റെ നേതൃത്വത്തിലും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളുടെ സഹകരണത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതിനകം നടന്നു കഴിഞ്ഞു. മുക്കം കേന്ദ്രീകരിച്ച് കോഴിക്കോട്, തിരുവമ്പാടി, ഓമശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, തോട്ടുമുക്കം തുടങ്ങിയ റൂട്ടുകളിൽ സർവിസ് നടത്തുന്ന 30ലേറെ സ്വകാര്യ ബസുകളാണ് ആദ്യഘട്ടത്തിൽ കാരുണ്യയാത്രയിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.യാത്രക്കാരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കാനാണ് ബസ് ജീവനക്കാരുടെയും സംഘാടകരുടെയും ശ്രമം. നവംബർ രണ്ടിന് സ്വകാര്യ ബസുകളിൽ യാത്ര ചെയ്ത് കാരുണ്യയാത്രയോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനകം 10.5 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. 50 കോടി രൂപയെന്ന വലിയ ലക്ഷ്യത്തിലെത്താൻ ഇനിയും ഏകദേശം 40 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. വ്യക്തികളും സംഘടനകളും വിവിധ കൂട്ടായ്മകളും കൈകോർത്താലേ ഈ വലിയ ദൗത്യം വിജയത്തിലെത്തിക്കാനാകൂ.

ഒരു ദിവസത്തെ ബസ് സർവിസിന്റെ വരുമാനവും ജീവനക്കാരുടെ വേതനവും മൂന്ന് കുരുന്നുകളുടെ ചികിത്സക്കായി മാറ്റിവെക്കുന്നതിലൂടെ മലയോരത്തെ സ്വകാര്യ ബസ് മേഖല മാതൃകാപരമായ കാരുണ്യ പ്രവർത്തനത്തിനാണ് തുടക്കമിടുന്നത്. യാത്രക്കാരുടെ ടിക്കറ്റും ജീവനക്കാരുടെ അധ്വാനവും ഉടമകളുടെ പിന്തുണയും ഒരുമിക്കുമ്പോൾ അത് മൂന്ന് കുരുന്നുകളുടെ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ വഴിയാകും. നവംബർ രണ്ടിന് മലയോരത്തിന്റെ നിരത്തുകളിൽ തിരിയുന്ന ഓരോ കാരുണ്യചക്രവും ഈഥനും ഡേവിഡും ഒലിവറും ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്ന നാടിന്റെ പ്രാർഥനക്കും പ്രതീക്ഷക്കും കരുത്തേകും.

Related Articles

Leave a Reply

Back to top button