Local

വൈദ്യുതി ബിൽ 5 തവണകളാക്കാം

തിരുവനന്തപുരം ∙ ലോക്ഡ‍ൗൺ കാലത്തെ വൈദ്യുതി ബിൽ തുക തവണകളായി അടയ്ക്കാൻ ആഗ്രഹിക്കുന്നവർ സെക്‌ഷൻ ഓഫിസിലെ അസി.എൻജിനീയറെ സമീപിച്ച് വ്യവസ്ഥകൾ എഴുതി വാങ്ങണം. ഓൺലൈനിലൂടെ തവണയായി അടയ്ക്കാൻ 1912 എന്ന കസ്റ്റമർ കെയർ ഫോണിൽ ബന്ധപ്പെടണം. ഗാർഹിക ഉപയോക്താക്കൾക്ക് 5 മാസ തവണയ്ക്കു സൗകര്യമുണ്ട്.

സർക്കാർ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസം മുതൽ നൽകുന്ന ബില്ലിൽ പ്രത്യേകമായി രേഖപ്പെടുത്തും. ലോക്ഡൗൺ കാലത്ത് അധികം വന്ന ബിൽ തുകയുടെ നിശ്ചിത ശതമാനമാണു സബ്സിഡി അനുവദിക്കുക. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ തുകയ്ക്കാണു ഇതു ബാധകം.

സബ്സിഡി ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ബിൽ അടച്ചവർക്കും അടയ്ക്കാത്തവർക്കും ആനുകൂല്യം ലഭിക്കും. ഗാർഹിക ഉപയോക്താക്കൾക്കുള്ള പലിശയിളവ് ഡിസംബർ 31 വരെ ലഭിക്കും.

ഓൺലൈനിലൂടെ തുക അടയ്ക്കുന്നവർക്ക് 5 ശതമാനമോ പരമാവധി 100 രൂപയോ ഇൻസെന്റീവായി ലഭിക്കും. കണ്ടെയ്ൻമെന്റ് സോൺ, ഹോട്സ്പോട്ട് എന്നിവിടങ്ങളിൽ ഉള്ളവർക്കു തുക ഒരുമിച്ചോ തവണ വ്യവസ്ഥയിലോ ഓൺലൈൻ വഴി അടയ്ക്കാം. ഇളവുകൾ വരുന്ന മുറയ്ക്ക് ഇതു ക്രമപ്പെടുത്താം.

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ബിൽ

തിരുവനന്തപുരം ∙ കെഎസ്ഇബി ബില്ലുകളിലെ സാങ്കേതിക പദങ്ങൾ ജനങ്ങൾക്കു മനസ്സിലാകുന്നില്ലെന്ന പരാതിയെ തുടർന്നു പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി, മീറ്റർ റീഡർമാർ ഉപഭോക്താക്കൾക്കു ബില്ലുകൾ നൽകി തുടങ്ങി. വ്യാഴാഴ്ച മുതലാണു പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ബില്ലുകൾ നൽകിയത്.

ബില്ലിലെ വിവരങ്ങൾ വച്ച് മീറ്റർ റീഡർമാർക്കു തന്നെ ഉപഭോക്താക്കളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കഴിയും എന്നതാണു പ്രത്യേകത. ഇതു താൽക്കാലികം മാത്രമാണെന്നും, മലയാളത്തിലും ഇംഗ്ലിഷിലും ഉള്ള ബിൽ ഭാവിയിൽ നൽകുമെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ബില്ലുകളിൽ ലഭ്യമാകുന്ന പുതിയ വിവരങ്ങൾ

∙ഉപയോക്താവ് മുൻപ് പണമടച്ച തീയതി.

∙ഉപയോക്താവ് മുൻപ് പണം അടച്ച തുക.

∙?ഡോർ ലോക് കേസുകളിൽ മുൻപ് റീഡിങ് ലഭിച്ച തീയതി.

∙ഉപയോക്താക്കൾക്കു കരുതൽ നിക്ഷേപം വഴി ലഭിച്ച പലിശ, ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പലിശ ക്രെഡിറ്റ് ചെയ്ത തീയതി.

∙ഉപയോക്താക്കൾക്ക് ആദ്യമായി ഓൺലൈനായി പണം അടച്ചത് വഴി കെഎസ്ഇബി നൽകുന്ന കാഷ് ബാക്ക് തുക, അത് ഉപയോക്താക്കളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത തീയതി.

Related Articles

Leave a Reply

Back to top button