Kerala

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനം; ചികിത്സയിൽ

മലപ്പുറം: പെരുമ്പടപ്പിൽ യുവതിയുടെ വീട്ടിലെത്തിയ അകന്ന ബന്ധുവും സുഹൃത്തുമായ യുവാവിന് നേരെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഗുണ്ടകളുടെ ആക്രമണം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു നാട്ടുകാരിൽ ചിലർ ആയുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയെ വീട്ടിൽ നിന്നും വിളിച്ച് പുറത്തേക്ക് ഇറക്കിയതിന് ശേഷം ഒരു സംഘം വലിയ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. യുവതിയുടെ അകന്ന ബന്ധു കൂടിയാണ് ബാദുഷ. ഇരുകുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി പരിചയവുമുണ്ട്. സുഹൃത്തായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. ബാദുഷ വീട്ടിലേക്ക് വരുന്നതിൽ യുവതിയുടെ ഭർത്താവിനോ കുടുംബത്തിനോ യുവതിയുടെ കുടുംബത്തിനോ പരാതി ഇല്ല. എന്നാൽ, ബാദുഷ ഇടയ്ക്കിടെ വീട്ടിൽ വരുന്നതിന് ഒരു സംഘം നാട്ടുകാർക്കായിരുന്നു ബുദ്ധിമുട്ട്.

ബാദുഷ വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാരിൽ ചിലർ രാത്രി വടികളുമായി എത്തി ആക്രമിക്കുകയായിരുന്നു. ബാദുഷയെ വീട്ടിൽ നിന്ന് ചിലരെത്തി വിളിച്ചിറക്കി. പിന്നാലെ കൂടുതൽ പേർ എത്തി. ആക്രമണം തുടങ്ങി. ബാദുഷയെ ആക്രമിക്കുമ്പോൾ വീട്ടിലെ സ്ത്രീകൾ ‘ഒന്നും ചെയ്യല്ലേ’ എന്ന് കരഞ്ഞ് അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സ്ത്രീകളുള്ള വീടാണ്, എനിക്ക് പരിചയമുള്ള വീടാണ്, നമുക്ക് പുറത്ത് പോയി സംസാരിക്കാമെന്ന് ബാദുഷ അഭ്യർത്ഥിക്കുമ്പോൾ ‘വേണ്ടെടാ നീ ഇവിടെ ചെയ്യ്’ എന്നാണ് ബാദുഷയെ കയ്യേറ്റം ചെയ്യുന്നവർ ആക്രോശിക്കുന്നത്. റംഷാദേ, ഇനിയെന്ത് വേണം എന്നും വീഡിയോ പകർത്തുന്നയാൾ ചോദിക്കുന്നത് കേൾക്കാം. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളെല്ലാം പകർത്തിയത് അക്രമം നടത്തിയ സദാചാര ഗുണ്ടാ സംഘത്തിലുള്ളവർ തന്നെയാണ്. ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തിൽ പോലീസ് ഇടപെൽ ഉണ്ടായത്.

ആക്രമണത്തിൽ പരുക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബാദുഷയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പതിനഞ്ചു പേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. എന്നാൽ ഇവരെല്ലാം ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Related Articles

Leave a Reply

Back to top button