നിയന്ത്രണങ്ങൾ വെറുതെ; മത്സ്യബന്ധന ഹാർബറുകളിൽ ആൾക്കൂട്ടം ഒഴിയുന്നില്ല

ബേപ്പൂർ ∙ കോവിഡ് വ്യാപനം തടയാൻ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച ബേപ്പൂർ, ചാലിയം മത്സ്യബന്ധന ഹാർബറുകളിൽ തിരക്കിന് ഒട്ടും കുറവില്ല. പൊതുജനങ്ങൾക്കു പ്രവേശനം നിരോധിച്ചെങ്കിലും ആർക്കും എപ്പോഴും ഹാർബറിൽ കയറാം എന്ന സ്ഥിതി. കാര്യമായ പൊലീസ് പരിശോധനയും ഇല്ല.
മത്സ്യബന്ധന കേന്ദ്രങ്ങളിൽ 12 മുതൽ കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണവും ജാഗ്രതാ നിർദേശവും ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ട്രോളിങ് നിരോധനമുള്ളതിനാൽ യന്ത്രവൽക്കൃത ബോട്ടുകൾ കടലിൽ പോകുന്നില്ലെങ്കിലും വള്ളക്കാർ പിടിക്കുന്ന മീനാണു ബേപ്പൂർ ഹാർബറിൽ എത്തിക്കുന്നത്.
പ്രവേശനത്തിനു നിയന്ത്രണം ഇല്ലാത്തതിനാൽ കച്ചവടക്കാർക്കു പുറമേ ഒട്ടേറെ ആളുകളും ഇവിടെ മത്സ്യം വാങ്ങാൻ എത്തുന്നു. ചാലിയം ഫിഷ് ലാൻഡിങ് സെന്ററിലും സ്ഥിതി മറിച്ചല്ല. അതിരാവിലെയും ഉച്ചയ്ക്കും നൂറുകണക്കിനാളുകളാണ് ചാലിയത്ത് കൂട്ടംകൂടുന്നത്. തീരമേഖലയിൽ കോവിഡ് വ്യാപിക്കുന്ന ഗുരുതര സാഹചര്യത്തിലാണു ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ കലക്ടർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
മീൻ വിൽപന നടത്തുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്ന കർശന നിർദേശം പുറപ്പെടുവിച്ചെങ്കിലും ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. മീൻ വാങ്ങാനും കാഴ്ചക്കാരായും ആളുകൾ കൂട്ടത്തോടെ ഫിഷ് ലാൻഡിങ് സെന്ററിലേക്ക് എത്തുന്നുണ്ട്. മത്സ്യം ലേലം ചെയ്തു വിൽക്കുമ്പോഴാണ് ആൾക്കൂട്ടമുണ്ടാകുന്നത്.
നിശ്ചിത അകലവും നിർദേശവും പാലിക്കണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജനം ഇതൊന്നും ചെവിക്കൊള്ളുന്നില്ല. മത്സ്യബന്ധന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയുണ്ട്.







