World

ഗൾഫിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

റിയാദ്: കണ്ണൂർ സ്വദേശിയായ ലെസ്‌ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിലൂടെ ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നോർക്ക് റൂട്ട്‌സ് പദ്ധതിക്ക് തുടക്കമായി. തൊഴിൽ ഉടമയുടെയോ എംബസിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് നോർക്ക റൂട്ട്‌സ് സൗജന്യമായി മൃതശരീരം നാട്ടിലെത്തിക്കുക. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദമ്മാമിൽ മരിച്ച കണ്ണൂർ പഴയങ്ങാടി സ്വദേശി ലെസ്ലി ഐസക്കിന്റെ ഭൗതിക ശരീരം ഇത്തിഹാദ് വിമാനത്തിൽ നാട്ടിലേക്കു എത്തിച്ചത്.

മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന നോർക്കയുടെ സേവനം നിലവിൽ വന്നശേഷമുള്ള ആദ്യത്തെ മൃതദേഹമാണ് ഇന്ന് ദമ്മാമിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് വിമാനത്താവളത്തിൽ തിങ്കളാഴ്ചയെത്തുന്ന മൃതദേഹം നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഉപയോഗിച്ച് വീട്ടിലെത്തിക്കും. ഹൃദയാഘാതം മൂലം മരിച്ച ലെസ്ലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദമ്മാമിൽ പൂർത്തിയാക്കിയത് നവോദയ സാംസ്‌കാരിക വേദിയുടെ പ്രവർത്തകരായിരുന്നു.

നോർക്കയുടെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നോർക്കയിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകുമെന്ന് നോർക്ക വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button