കമ്പനികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാം; തൊഴില്‍ നിയമങ്ങളിലും മാറ്റം

ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ലോക്സഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര് ബില്ല് അവതരിപ്പിച്ചത്.
ബില്‍ പ്രകാരം 300 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ പിരിച്ചു വിടുന്നതിനോ കമ്പനികള്‍ക്ക് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. നേരത്തെ 100ല്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാതെ നടത്തുന്ന തൊഴില്‍ സമരങ്ങള്‍ക്കും ബില്‍ പ്രകാരം വിലക്കുണ്ട്.
2019ല്‍ ഇതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. അത് പിന്‍വലിച്ചാണ് പുതിയ ബില്‍ കൊണ്ടു വരുന്നത്. തൊഴിലാളി വിരുദ്ധനയങ്ങളാണ് ബില്ലിലുള്ളതെന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി മധ്യ-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.







