ജില്ലയിൽ വിവിധയിടങ്ങളിലെ മോഷണം നടത്തിയ കുട്ടിക്കള്ളന്മാര് ഉള്‍പ്പെടെ നാല് പേർ പിടിയിലായി

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള നാലംഗസംഘം അറസ്റ്റിൽ. കക്കോടി മക്കട യോഗിമഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ, കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളും പിടിയിലായി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
നഗരത്തിൽനടന്ന പല മോഷണക്കേസുകളിലും കുട്ടികളുടെ പങ്ക് വർധിച്ചതോടെ സിറ്റി ക്രൈംസ്ക്വാഡിന് പ്രത്യേക നിർദേശം നൽകിയിരുന്നു. നഗരത്തിൽനിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും ഇരുചക്രവാഹനങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ ഇവർ കവർച്ചചെയ്തിട്ടുണ്ട്.
ചേവായൂർ , മാവൂർ, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം , പുല്ലാളൂർ, കുന്ദമംഗലം, ബാലുശ്ശേരി, അമ്പലത്ത് കുളങ്ങര, കുമാരസ്വാമി, കക്കോടി, ചെറുകുളം, മക്കട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കടകളിലേതുൾപ്പെടെ എൺപതിൽപരം മോഷണങ്ങൾക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു. ‘നൈറ്റ് ഔട്ട്’ എന്നാണ് ഇവർ തങ്ങളുടെ മോഷണത്തിന് നൽകിയ പേര്.
സുഹൃത്തുക്കളുടെ അടുത്തേക്കെന്നും പറഞ്ഞ് രാത്രി മോഷണത്തിനിറങ്ങുകയാണ് രീതി. രക്ഷിതാക്കൾ ഉറങ്ങിയശേഷം വീടുവിട്ട് പുറത്തിറങ്ങുന്നതും പതിവാണ്. ലഹരി ഉപയോഗവും മോഷണപശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംപെട്ടെന്ന് പോലീസിൽ അറിയിക്കണമെന്ന് ഡി.സി.പി. പറഞ്ഞു.







