Karassery

നവീകരണത്തിനൊരുങ്ങി ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കും. ലക്ഷങ്ങൾ ചെലവാക്കി ഉണ്ടാക്കിയ വിശ്രമകേന്ദ്രം ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മാടാമ്പുറത്ത് നിർമിച്ച കേന്ദ്രം 2023 ജൂൺ 14-ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഒന്നരവർഷത്തോളമേ കേന്ദ്രം തുറന്നു പ്രവർത്തിച്ചുള്ളൂ. നടത്തിപ്പിന്റെ കരാറുകാർ നിർത്തിപ്പോയതാണ് പ്രവർത്തനം മുടങ്ങാൻ ഇടയാക്കിയത്. പിന്നീട് തുറന്നെങ്കിലും അധികം കാലം മുന്നോട്ടുപോയില്ല. വരുമാനം കുറവാണെന്ന കാരണമാണ് കരാറുകാർ ചൂണ്ടിക്കാട്ടിയത്.

വിശ്രമ മുറികളും അഞ്ച്‌ ശൗചാലയങ്ങളും മൂന്ന്‌ യൂറിനൽ പോയിന്റുകളും വാഷ് ബേസിനുകളുമടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കോഫി ഷോപ്പിനുള്ള സൗകര്യവുമുണ്ട്. എന്നാൽ വാടകയ്ക്ക് എടുത്തിരുന്നവർ വിശ്രമകേന്ദ്രത്തിന്റെ പ്രധാനഭാഗത്ത് ഹോട്ടൽ ആംഭിച്ചതിനാൽ യാത്രക്കാർക്ക് കാര്യമായ ഉപയോഗം നടന്നതുമില്ല. വഴിയാത്രക്കാർക്ക് ഇടയ്ക്ക് വിശ്രമിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടാനും ഒക്കെയുള്ള സൗകര്യം ലഭ്യമാക്കാൻ ആണ് ടെയ്ക്ക് എ ബ്രേക്ക് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്.

ഇതുപ്രകാരമുള്ള സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്ന തരത്തിൽ തുറന്നു പ്രവർത്തിക്കാനാണ് ഇപ്പോൾ നവീകരണം നടക്കുന്നത് . കെട്ടിടത്തിനകത്തെ ജലവിതരണക്കുഴലുകളും ടാപ്പുകളും ഒക്കെ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ് .തറയിലെ ഓടുകളും കേടുവന്ന നിലയിലാണ് .ഇവയെല്ലാം നന്നാക്കി കൂടുതൽ ആകർഷണീയമാക്കാൻ 22 ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് നവീകരണ പ്രവൃത്തി നടത്തുന്നത് . കൂടാതെ ഇരുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം പണി പൂർത്തിയാക്കാനും ഉണ്ട്. ഇതു പൂർത്തിയാക്കി വനിതാ ജിം തുറക്കാനാണു ലക്ഷ്യം.

പ്രവൃത്തി മന്ദഗതിയിൽ നീണ്ടു പോവുകയാണെന്ന് പരാതിയും ഉയർന്നിട്ടുണ്ട്. വെള്ളത്തിന് മാർഗമില്ലാത്തതിനാൽ കുഴൽക്കിണർ നിർമാണത്തിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിന്റെ സമീപം പുരുഷന്മാർക്ക് ഓപ്പൺ ജിമ്മും തണൽ മരങ്ങൾ െവച്ചുപിടിപ്പിച്ച പ്രത്യേക ഇരിപ്പിടവും ഒക്കെ തയ്യാറാക്കി കൂടുതൽ ഉപയോഗപ്രദവും ആകർഷണീയവും ആക്കാൻ ആണ് ശ്രമം നടത്തുന്നത്.

Related Articles

Leave a Reply

Back to top button