Thiruvambady

തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവും വ്യാപാരിയുമായ യുവാവിനെതിരെ വധശ്രമം

യൂത്ത് കോൺഗ്രസ് സെക്രട്ടറിയും വ്യാപാരിയുമായ യുവാവിനെതിരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമം നടത്തിയതായി പരാതി. ഇന്നലെ രാത്രി പതിനഞ്ചോളം വരുന്ന സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരും നാഥ് തൊഴിലാളികളും ചേർന്ന് അക്രമം നടത്തിയെന്നാണ് പരാതി. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതികരണം നടത്തിയ വ്യക്തിയാണ് അക്രമിക്കപ്പെട്ട തിരുവമ്പാടി സ്വദേശിയായ അജ്മൽ. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡ് അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യണമെന്ന് തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് പൊതുവേദിയിൽ ആഹ്വാനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു ആക്രമണം അരങ്ങേറുന്നത്. മുഘ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത റോഡ് നിർമ്മാണ അഴിമതികൾ പുറത്തുവന്നത് മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധഭീഷണിയും അക്രമങ്ങളും തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

സി പി എം ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ നടപടി എടുക്കണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് നേതാക്കളായ ബാബു കെ പൈക്കാട്ടിൽ, സഹീർ എരഞ്ഞോണ, സൂഫിയാൻ ചെറുവാടി, ബോസ് ജേക്കബ്, ടി എൻ സുരേഷ്, ജിതിൻ പല്ലാട്ട് എന്നിവർ സമരത്തിൽ പങ്കെടുത്തു.

രാത്രിയുടെ മറവിൽ വ്യാപരിക്കെതിരെ അക്രമം നടത്തി പരിക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റും രംഗത്തെത്തി. യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ട്രഷറർ ഗഫൂർ സീൻഗാർ, ഫൈസൽ ചാലിൽ, എബ്രഹാം ജോൺ എന്നിവർ പ്രതിഷേധം അറിയിച്ചു.

അതേസമയം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയവർക്കെതിരെയും നിരോധനാജ്ഞ നിലനിൽക്കെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തതായി തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button