പിജെയുടെ മകന്‍ അപു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പ് കളത്തിലേക്ക്; തിരുവമ്പാടി പരിഗണനയിൽ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ്.
കോഴിക്കോട്ട് തിരുവമ്പാടിയില്‍ നിന്നുമാണ് അപു മത്സരിക്കാന്‍ ഒരുങ്ങുന്നത്. കര്‍ഷക പരിപാടികളില്‍ സംഘാടകനായി പ്രവര്‍ത്തിച്ച് പോരുന്ന അപു പിതാവിന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് ഇദ്ദേഹം.
കേരള കോണ്‍ഗ്രസ് സീറ്റായ പേരാമ്പ്ര മുസ്ലിം ലീഗിന് നല്‍കി തിരുവമ്പാടി വാങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. മലയോര മേഖലയായ തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയുടെ പിന്തുണയോടെ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. തിരുമ്പാടിയില്‍ താന്‍ മത്സരിക്കുന്നതില്‍ ലീഗ് എതിര്‍ക്കാന്‍ സാധ്യതയില്ലെന്ന നിലപാടിലാണ് അപുവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇപ്പോഴുള്ളത്. തിരുവമ്പാടി സീറ്റില്‍ ജോസഫ് പക്ഷം മത്സരിക്കുമ്പോള്‍ പേരാമ്പ്ര സീറ്റില്‍ ലീഗാവും മത്സരിക്കുക. അവിടെ വിജയ സാധ്യതയും ലീഗിന് തന്നെയാണ്. എന്നാല്‍ തിരുവമ്പാടി സീറ്റ് ലീഗിന് പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ഡീപോളിലെ പഠനത്തിന് ശേഷം തേവരയിലാണ് തുടര്‍ പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരില്‍ നിന്നും എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയക്കിയ അപു നാല് വര്‍ഷക്കാലം തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് ജോലി ചെയ്തിരുന്നത്. അതിനുശേഷം എട്ട് വര്‍ഷത്തോളം ഐടി മേഖലയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലാന്‍ഡിലായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ശേഷം പ്രധാനമായും കൃഷിയിലും അനുബന്ധ കാര്യങ്ങളിലുമാണ് ശ്രദ്ധ ചെലുത്തിയിരുന്നത്.
എറണാകുളം സ്വദേശിയും തൊടുപുഴ വിശ്വവിദ്യാലയ കോളേജില്‍ പ്രൊഫസറുമായ അനുവാണ് ഭാര്യ. രണ്ട് ആണ്‍കുട്ടികളാണ് അപുവിനുള്ളത്. മൂത്തയാള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയും ഇളയ മകന്‍ ആറാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
മുസ്ലീം ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനും പദ്ധതിയുണ്ട്. കെപിസിസി ഉപാധ്യക്ഷന്‍ ടി സിഖിന് ഈ മണ്ഡലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കുന്ദമംഗലത്ത് നിന്നും പരാജയപ്പെട്ട ടി സിദ്ധിഖിന് ഇത്തവണ സുരക്ഷിത മണ്ഡലം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ടി സിദ്ധിഖ് മണ്ഡലത്തില്‍ സജീവവുമാണ്. അതിനിടെയാണ് അപു ജോര്‍ജിന്റെ പേര് ഉയരുന്നത്.
പേരാമ്പ്ര മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് കാലങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഒറ്റത്തവണ മാത്രമായിരുന്നു വിജയിച്ചത്. നിലവില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരും പേരാമ്പ്രയില്‍ നിന്നും ഉയരുന്നുണ്ട്. നിലവില്‍ പിജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനാണ് അപു ജോണ്‍ ജോസഫ്







