India

ഡൽഹിയിൽ വീണ്ടും പ്രതിഷേധം കനക്കുന്നു; സീലാംപൂരിൽ സംഘർഷം; അഞ്ച് മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി വീണ്ടും ഡൽഹിയിൽ പ്രതിഷേധവും സംഘർഷവും. സീലാംപൂരിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരക്കാർ പോലീസ് സ്റ്റേഷനു തീയിട്ടതായും ബസുകൾക്കും വാഹനങ്ങളും കല്ലെറിഞ്ഞു നശിപ്പിച്ചതായും സൂചനയുണ്ട്.

നിരവധി പേർക്കു പരുക്കേറ്റെന്നാണു വിവരം. പോലീസുകാരെ സമരക്കാർ കല്ലെറിഞ്ഞു. ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ ഡൽഹിയിലെ അഞ്ച് മെട്രോ സ്‌റ്റേഷനുകൾ അടച്ചു.

അതേസമയം, സീലാംപൂരിലെ പ്രക്ഷോഭത്തിൽ രണ്ടു പോലീസുകാർക്കു പരുക്കേറ്റെന്നാണു റിപ്പോർട്ട്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ജനത്തിനു നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സമരക്കാരിലൊരാൾ വാർത്താ ഏജൻസിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന കാറുകൾ തകർക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button