Kozhikode
റെയിൽവേ ട്രാക്കിൽ ബിയർ കുപ്പികൾ കണ്ടെത്തി.

കൊയിലാണ്ടി: റെയിൽവേ ട്രാക്കിൽ എട്ട് ബിയർ കുപ്പികൾ കണ്ടെത്തി. കൊയിലാണ്ടി റെയിൽവേസ്റ്റേഷനും കൊല്ലത്തിനുമിടയിലാണ് ആർ.പി.എഫ്. പരിശോധനയിൽ ബിയർ കുപ്പികൾ കണ്ടെത്തിയത്. നാല് കുപ്പികൾ പൊട്ടിയ നിലയിലായിരുന്നു.
ഞായറാഴ്ച പുലർച്ചെ മാവേലി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടതായി ആർ.പി.എഫിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടത്തിയത്. പൊട്ടാത്ത നാല് കുപ്പികൾ പാളത്തിന് മുകളിലായിരുന്നു.
വീഴാതിരിക്കാൻ അടിഭാഗത്ത് കല്ലുകൾ വെച്ചിരുന്നു. ഇവ മാവേലി എക്സ്പ്രസ് കടന്നുപോയതിനുശേഷം വെച്ചതാണ്. ഡോഗ്‌സ്കോഡും അന്വേഷണം നടത്തിയിരുന്നു.
സംഭവസ്ഥലത്തുനിന്നു മണംപിടിച്ച നായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള കനാൽ വരെ എത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.







