ശമ്പളകുടിശ്ശിക:മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരംനടത്തും. കഴിഞ്ഞദിവസം ഡോക്ടർമാർ കോളേജിന് മുന്നിൽ ധർണയും പ്രകടനവും നടത്തി. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ധർണയും പ്രതിഷേധപ്രകടനങ്ങളുമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഡോ. ലൈലാബി അധ്യക്ഷയായി. ഡോ. ശ്രീകാന്ത്, ഡോ. അഷറഫ്, ഡോ. അനിൽ കുമാർ, ഡോ. അനീൻ കുട്ടി, ഡോ. റോയ്, ഡോ. ഗോപകുമാർ, ഡോ. മായ എന്നിവർ പ്രസംഗിച്ചു. കോവിഡ് ശൃംഖല എന്ന പേരിൽ മനുഷ്യച്ചങ്ങലയും തീർത്തു. 250-ലേറെ ഡോക്ടർമാർ പങ്കെടുത്തു. സർക്കാരിനും ജനങ്ങൾക്കും വേണ്ടി ഇത്രയേറെ പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിൽ കെ.ജി.എം.സി.ടി.എ. സംസ്ഥാനസമിതി ശക്തമായി പ്രതിഷേധിച്ചു. ഉടനടി തീരുമാനമെടുത്തില്ലെങ്കിൽ സൂചനാ പണിമുടക്കും അനിശ്ചിതകാല സമരമടക്കമുള്ള, പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും കെ.ജി.എം.സി.ടി.എ. സംസ്ഥാനസമിതി അറിയിച്ചു.







