വോട്ടെണ്ണൽ; ജില്ലയിൽ ഒരുക്കങ്ങളായി

കോഴിക്കോട്∙ കോവിഡ് വ്യാപനം കണക്കിലെടുത്തു തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസമായ മേയ് 2നു ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് വിവരം. നിയന്ത്രണങ്ങൾക്കനുസരിച്ചു മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കൂ. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ വ്യക്തമാക്കി.
ഒരുക്കങ്ങൾ ഇങ്ങനെ
1. ജില്ലയിൽ 13 കൗണ്ടിങ് കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ അതതു മണ്ഡലത്തിൽ.
2. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 28 ടേബിളുകൾ ഉണ്ടാകും. ഓരോ ടേബിളിലെയും ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോൾ അതുവരെയുള്ള ഫലം പ്രഖ്യാപിക്കും.
3. ഇക്കുറി കൂടുതൽ തപാൽ ബാലറ്റുകൾ ഉള്ള സാഹചര്യത്തിൽ ഇവ എണ്ണാൻ കൂടുതൽ ടേബിൾ ഏർപ്പെടുത്തും.
4. രാവിലെ 8 നു വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ ബാലറ്റുകൾ എണ്ണും. 8.30നു ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണാൻ തുടങ്ങും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ അവസാന റൗണ്ട് പൂർത്തിയാകുന്നതിനു മുൻപ് തപാൽ ബാലറ്റുകൾ എണ്ണിത്തീർത്താൽ മതി. അതിനാൽ ഫലം വൈകാൻ സാധ്യതയില്ല. രാവിലെ 9 മുതൽ പ്രാഥമിക ഫലങ്ങൾ ലഭിച്ചു തുടങ്ങും.
5. 2000 ജീവനക്കാർ, സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ, നിരീക്ഷകർ, മൈക്രോ ഒബ്സർവർമാർ എന്നിവരും വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടാകും.







